യുഎസ് സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിന് സമീപമുള്ള പ്ലാന്റിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതായി അധികൃതർ അറിയിച്ചു.
രാവിലെ 10:51-ഓടെയാണ് പ്ലാന്റിൽ തീപിടിത്തമുണ്ടായതെന്നാണ് അലെഗെനി കൗണ്ടി എമർജൻസി സർവീസസ് അറിയിച്ചത്. അലെഗെനി കൗണ്ടി എമർജൻസി സർവീസസ് വക്താവ് കെയ്‌സി റെയ്ഗ്നർ, ഒരാൾ മരിച്ചതായും രണ്ട് പേരെ കാണാതായതായും സ്ഥിരീകരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ ആഘാതം പ്രദേശമാകെ അനുഭവപ്പെട്ടെന്ന് സമീപവാസികൾ വ്യക്തമാക്കി. അപകട സ്ഥലത്തേക്ക് പോകരുതെന്ന് അധികൃതർ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റവർക്കായി 15 ആംബുലൻസുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പിറ്റ്സ്ബർഗിന്റെ തെക്ക് മോണോംഗഹെല നദിയുടെ തീരത്തുള്ള ഈ പ്ലാന്റ്, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കോക്കിങ് പ്ലാന്റുകളിൽ ഒന്നാണ്. ഇവിടെ ഏകദേശം 1,400 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കൽക്കരിയെ സ്റ്റീൽ നിർമ്മാണത്തിന് ആവശ്യമായ കോക്കായി മാറ്റുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. അപകടത്തെ തുടർന്ന്, പ്ലാന്റിന് 1.6 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർ വീടിനുള്ളിൽത്തന്നെ കഴിയണമെന്നും, ജനലുകളും വാതിലുകളും അടച്ചിടണമെന്നും അലെഗെനി കൗണ്ടി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. എയർ കണ്ടീഷനിങ് സിസ്റ്റങ്ങൾ പുറത്ത് നിന്നുള്ള വായു അകത്തേക്ക് കടക്കാത്ത രീതിയിൽ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ മലിനീകരണമുണ്ടായതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലിനീകരണവുമായി ബന്ധപ്പെട്ട് ഈ പ്ലാന്റ് വിവാദങ്ങളിലായിരുന്നു. 2018-ൽ ക്രിസ്മസ് ദിനത്തിൽ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിൽ 40 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിരുന്നു. 2019-ൽ മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ 8.5 മില്യൺ ഡോളർ പിഴയടയ്ക്കാൻ കമ്പനി സമ്മതിച്ചിരുന്നു. പരിസ്ഥിതി സംഘടനകൾ നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്ന് 19.5 മില്യൺ ഡോളറിന്റെ ഉപകരണ നവീകരണങ്ങൾ നടത്താനും 5 മില്യൺ ഡോളർ പ്രാദേശിക ശുദ്ധവായു പദ്ധതികൾക്കായി ചെലവഴിക്കാനും കമ്പനി സമ്മതിച്ചിരുന്നു.
പുതിയ സ്ഫോടനത്തെക്കുറിച്ച് പൂർണ്ണവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംഘടനയായ പെൻഎൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് മാസൂർ ആവശ്യപ്പെട്ടു. പ്ലാന്റ് തുടർന്നും പ്രവർത്തിക്കാൻ യോഗ്യമാണോ എന്ന് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Explosion at U.S. Steel plant in Pennsylvania leaves dozens hurt and people trapped under rubble



