ഹരിയാനയിലെ ഗുഡ്ഗാവിൽ ഒരു മാൾ അധികൃതർ തൻ്റെ റെസ്റ്റോറൻ്റിൻ്റെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് തന്നെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് ദക്ഷിണ കൊറിയൻ യുവതി. ഗുഡ്ഗാവിൽ ഗോൾഫ് കോഴ്സ് റോഡിലുള്ള ഗ്ലോബൽ ഫോയർ മാളിലെ ഉടമസ്ഥർക്കെതിരെയാണ് മ്യാങ് ലീ എന്ന യുവതി പരാതി നൽകിയത്. ലീ തന്റെ ദുരിതങ്ങൾ ഒരു വീഡിയോയിലൂടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു. മാളിലെ വാടകയും മറ്റ് മെയിന്റനൻസ് ചാർജുകളും കൃത്യമായി അടച്ചിട്ടും മാൾ അധികൃതർ മനപ്പൂർവ്വം തൻ്റെ റെസ്റ്റോറൻ്റായ “MISO”യുടെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു എന്നാണ് ലീയുടെ പ്രധാന ആരോപണം.
കഴിഞ്ഞ 14 വർഷമായി താൻ എല്ലാ നിയമങ്ങളും ലൈസൻസുകളും പാലിച്ച് മാളിൽ റെസ്റ്റോറൻ്റ് നടത്തുന്നുണ്ടെന്ന് ലീ വീഡിയോയിൽ പറയുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി മാൾ ഉടമസ്ഥർ തന്നെ ഉപദ്രവിക്കുകയാണെന്നും, അവശ്യ സേവനങ്ങൾ പോലും തടസ്സപ്പെടുത്തുകയാണെന്നും ലീ ആരോപിച്ചു.
ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് കയ്പ്പേറിയ അനുഭവവുമായി തനിക്ക് തിരികെ പോകേണ്ടി വരുമെന്നും ലീ പറഞ്ഞു. മാൾ അധികൃതർ തന്നെ റെസ്റ്റോറൻ്റ് ഒഴിയാൻ നിർബന്ധിക്കുന്നു എന്നും ലീ ആരോപിച്ചു. ഇതിനെ തുടർന്ന് അവർ സുശാന്ത് ലോക് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, ദക്ഷിണ കൊറിയൻ എംബസിക്ക് കത്തെഴുതുകയും ചെയ്തു.
ഗുഡ്ഗാവ് പോലീസ് ഈ വിഷയത്തിൽ ഒരു പ്രസ്താവന ഇറക്കി. പോലീസിൻ്റെ നേതൃത്വത്തിൽ ഇരു പാർട്ടികളും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. കഴിഞ്ഞ 14 വർഷമായി ലീ മാളിൽ റെസ്റ്റോറൻ്റ് നടത്തുന്നുണ്ടെന്ന് ഈ ചർച്ചയിൽ വ്യക്തമായി. ലീയുടെ റെസ്റ്റോറൻ്റിൽ നിന്ന് വെള്ളം ചോർന്നത് കാരണം മാളിൻ്റെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന് ആരോപിച്ച് മാൾ ഉടമകൾ അവർക്ക് ₹9 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു എന്നും പോലീസ് പറയുന്നു.
ഈ പണം ലീ നൽകാത്തതാണ് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. നിലവിൽ വെള്ളം, വൈദ്യുതി എന്നിവ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു എന്ന് പോലീസ് അറിയിച്ചു. എന്നാൽ ₹9 ലക്ഷം രൂപയുടെ നഷ്ടപരിഹാര തർക്കം പരിഹരിക്കാനായി ഇരു കൂട്ടരുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച വീണ്ടും ഒരു കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.
Korean woman has a bad experience at the mall: Mall authorities cut off water and electricity



