തെക്കൻ ഒന്റാറിയോയിലും ടൊറന്റോയിലും കനത്ത ചൂടിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി പരിസ്ഥിതി കാനഡ. വാരാന്ത്യത്തിൽ ആരംഭിക്കുന്ന ‘മൾട്ടി-ഡേ ഹീറ്റ് ഇവന്റ്’ ഒരാഴ്ചയോളം നീണ്ടുനിന്നേക്കാം. ഈ സാഹചര്യത്തിൽ മേഖലയിൽ ഹീറ്റ് വാർണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ താപനില 30°C മുതൽ 33°C വരെ ഉയരാൻ സാധ്യതയുണ്ട്. ഈർപ്പം കൂടി ചേരുമ്പോൾ ചൂട് 35°C മുതൽ 40°C വരെ അനുഭവപ്പെടാം.
രാത്രികാലങ്ങളിൽ താപനില 19°C മുതൽ 23°C വരെ മാത്രമേ കുറയുകയുള്ളു. അടുത്ത ആഴ്ചയുടെ പകുതിയോടെ താപനില കുറയുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരിസ്ഥിതി കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലവേദന, ഓക്കാനം, തലകറക്കം, കടുത്ത ക്ഷീണം, അമിതമായ ദാഹം എന്നിവയാണ് ഹീറ്റ് എക്സ്ഹോഷന്റെ പ്രധാന ലക്ഷണങ്ങൾ.
ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സ്വയം സംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു. ചൂടിനെ നേരിടാൻ ടൊറന്റോ നഗരം നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ട്. നഗരത്തിലെ ക്യാമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും ചില പ്രവർത്തനങ്ങളിൽ മാറ്റങ്ങളുണ്ടാകും. മെട്രോ ഹാൾ ലോബി 24 മണിക്കൂറും പൊതുജനങ്ങൾക്ക് ശീതീകരിച്ച ഇടമായി ഉപയോഗിക്കാം. കൂടാതെ, മറ്റ് ചില പ്രധാന സിവിക് സെന്ററുകളിലും സമയക്രമം നീട്ടിയിട്ടുണ്ട്.
നഗരത്തിലെ 58 പൊതു ഔട്ട്ഡോർ പൂളുകൾ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കും. ഇതിൽ തിരഞ്ഞെടുത്ത 7 പൂളുകൾ രാത്രി 11:45 വരെ തുറന്നുപ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കടുത്ത ചൂടിൽനിന്ന് രക്ഷനേടാൻ പൊതുജനങ്ങൾക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.



