വിദേശയാത്രക്ക് ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം. പൊതു ജനാരോഗ്യം, ദേശീയ സുരക്ഷ, രാജ്യതാൽപര്യം എന്നിവ മുൻനിർത്തി ചില പ്രത്യേക വസ്തുക്കൾ അമേരിക്കയിലേക്ക് കൊണ്ടു വരുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ആയുധങ്ങളും നിരോധിത വസ്തുക്കളും കൂടാതെ, സാധാരണയായി യാത്രികർ ബാഗുകളിൽ നിറയ്ക്കാറുള്ള ഭക്ഷണ പദാർത്ഥങ്ങൾ, ആയുർവേദ മരുന്നുകൾ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള സാധനങ്ങൾ ബാഗിൽ കണ്ടെത്തിയാൽ കനത്ത പിഴയും യാത്രാ തടസ്സവും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ യുഎസ് കസ്റ്റംസ് ചട്ടങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ, പഴങ്ങളും പച്ചക്കറികളും, പാൽ ഉത്പന്നങ്ങൾ, മാംസം തുടങ്ങിയവയ്ക്ക് യുഎസ് കസ്റ്റംസ് വിഭാഗം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എണ്ണയിൽ തയ്യാറാക്കിയതും സംസ്‌കരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ, പ്രത്യേകിച്ചും കമ്പനികളുടെ പേരോ മറ്റ് വിവരങ്ങളോ ഇല്ലാത്തവ, അപകട സാധ്യതയുള്ളവയായി കണക്കാക്കുന്നു. ഇത്തരം വസ്തുക്കളിലെ അവ്യക്തമായ ചേരുവകളും മലിനീകരണ സാധ്യതയും കണക്കിലെടുത്താണ് ഇവ പിടിച്ചെടുക്കുന്നത്. കൂടാതെ, പച്ചമാങ്ങ, വാഴപ്പഴം, ഉണങ്ങിയ കറിവേപ്പില എന്നിവ പോലും കീടങ്ങളുടെയും സസ്യരോഗങ്ങളുടെയും വ്യാപനം തടയുന്നതിനായി പിടിച്ചെടുക്കാറുണ്ട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ കർശനമായ സുരക്ഷാ നിയമങ്ങൾ ഇതിന് കാരണമാകുന്നു.
പാൽക്കട്ടി ഉപയോഗിച്ചുണ്ടാക്കിയ മധുര പലഹാരങ്ങൾ, നെയ്യ്, പനീർ തുടങ്ങിയ പാൽ ഉത്പന്നങ്ങൾക്കും നിയന്ത്രണമുണ്ട്. മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വാക്വം സീൽ ചെയ്തതും ശീതീകരിച്ചതുമായ വസ്തുക്കൾ പോലും കസ്റ്റംസ് കണ്ടുകെട്ടാൻ സാധ്യതയുണ്ട്. മഞ്ഞൾപ്പൊടി പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും മസാലക്കൂട്ടുകളും കൊണ്ടുപോകുമ്പോൾ വാണിജ്യപരമായി പാക്ക് ചെയ്തതും കൃത്യമായി ലേബൽ ചെയ്തതുമാണെന്ന് ഉറപ്പാക്കണം. സിപ്-ലോക്ക് കവറുകളിലോ ഫോയിൽ പേപ്പറുകളിലോ പൊതിഞ്ഞ പൊടികൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതിനാൽ അനുവദിക്കില്ല. അതിനാൽ, യാത്രക്കാർ തങ്ങളുടെ ലഗേജ് തയ്യാറാക്കുമ്പോൾ ഈ നിർദേശങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.
യുഎസ് യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് തങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ലഗേജ് പാക്ക് ചെയ്യുന്നതിന് മുമ്പ് യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. അറിയാതെയെങ്കിലും നിരോധിത വസ്തുക്കൾ ബാഗിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കി, പിഴകളിൽ നിന്നും മറ്റ് യാത്രാ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. ഈ നിയമങ്ങൾ പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമാണ്.



