രോഗിയുടെ സമ്മതമില്ലാതെ ശരീരഭാഗങ്ങൾ ചികിത്സിച്ചെന്ന പരാതിയിൽ കനേഡിയൻ നഗരമായ അബ്ബോട്ട്സ്ഫോർഡിലെ അക്യുപങ്ചറിസ്റ്റിനെതിരെ നടപടി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇദ്ദേഹത്തിന് താത്കാലികമായി ചികിത്സയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.
ബ്രിട്ടീഷ് കൊളംബിയയിലെ കോളേജ് ഓഫ് കോംപ്ലിമെൻ്ററി ഹെൽത്ത് പ്രൊഫഷണൽസ് ആണ് (College of Complementary Health Professionals of B.C) ജൂൺ ഹാവോ സെങ്ങിനെതിരെ (Jun Hao (Harvey) Zeng) ‘അസാധാരണ നടപടി’ക്ക് നിർദേശം നൽകിയത്. രോഗിയുടെ സമ്മതമില്ലാതെയും ചികിത്സയെക്കുറിച്ച് വിശദീകരിക്കാതെയും ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ ചികിത്സ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സെങ്ങിനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രാഥമികമായി ഒരു കേസ് നിലനിൽക്കുന്നുണ്ടെന്ന് കോളേജ് വിലയിരുത്തി. തുടർന്നാണ്, അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി സെങ്ങിൻ്റെ ചികിത്സയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ജൂലൈ 28നാണ് കോളേജ് ഉത്തരവ് പുറത്തിറക്കിയത്.
പുതിയ ഉത്തരവനുസരിച്ച്, ചികിത്സയുടെ ഭാഗമായി രോഗിയുടെ സ്വകാര്യഭാഗങ്ങൾ തുറന്നുകാട്ടാൻ സെങ്ങിന് അനുവാദമില്ല. ഇത് ലംഘിക്കണമെങ്കിൽ രോഗിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി നിർബന്ധമാണ്. സെങ് ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ് പേജുകളിലും ക്ലിനിക്കുകളിലെ കാത്തിരിപ്പ് മുറികളിലും ചികിത്സാ മുറികളിലുമെല്ലാം ഈ നിയന്ത്രണങ്ങൾ ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും പ്രദർശിപ്പിക്കണം.
ഇതുകൂടാതെ, ഓരോ വെള്ളിയാഴ്ചയും വൈകീട്ട് ആറ് മണിക്കുള്ളിൽ തൻ്റെ ചികിത്സാ കലണ്ടറും ആഴ്ചയിൽ ചികിത്സിച്ച രോഗികളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും കോളേജിന് നൽകണം. കോളേജ് നിയമിക്കുന്ന ഇൻസ്പെക്ടർമാർ സെങ്ങിൻ്റെ ക്ലിനിക്കുകളിൽ ഇടയ്ക്കിടെ നേരിട്ടുള്ള പരിശോധന നടത്തും. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ ഇത്തരം നടപടികൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ കമ്മിറ്റി വിലയിരുത്തി.
അന്വേഷണം പൂർത്തിയാവുന്നതുവരെ പൊതുജന സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഇത് പൊതുജനങ്ങളെ സംരക്ഷിക്കാൻ പര്യാപ്തമാണെന്നും കോളേജ് അറിയിച്ചു. ഇതോടുകൂടി, സെങ്ങിൻ്റെ ചികിത്സകൾ പൂർണ്ണമായും കോളേജിൻ്റെ നിരീക്ഷണത്തിലായിരിക്കും..



