അയർലൻഡിൽ ആറുവയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് നേരെ ക്രൂരമായ വംശീയാതിക്രമം. “തിരികെ ഇന്ത്യയിലേക്ക് പോകുക” എന്ന് ആക്രോശിച്ചുകൊണ്ട് 12-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളും ഒരു എട്ടുവയസ്സുകാരിയും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്. ഈ സംഭവം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആഗസ്റ്റ് നാലാം തീയതി വൈകുന്നേരം വാട്ടർഫോർഡിലെ കിൽബാരിക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കാണ് മർദനമേറ്റത്. ഒരു കൂട്ടം കുട്ടികൾ കുട്ടിയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയും മുടി പിടിച്ചുവലിക്കുകയും കഴുത്തിന് അടിക്കുകയും ചെയ്തു. ഒരു ആൺകുട്ടി സൈക്കിൾ ചക്രം ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മർദിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിന് ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി ഭയം കാരണം സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
കോട്ടയം സ്വദേശികളായ കുടുംബം ഈ വർഷം ആദ്യമാണ് വാട്ടർഫോർഡിലേക്ക് താമസം മാറിയത്. എട്ട് വർഷമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ അടുത്തിടെയാണ് ഐറിഷ് പൗരത്വം നേടിയത്. സംഭവം നടന്നയുടൻ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ആക്രമികൾ വീടിന് സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതായി കണ്ടെന്നും അവർ പോലീസിനെ അറിയിച്ചു. ഗാർഡൈ (ഐറിഷ് പോലീസ്) പരാതി സ്വീകരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അയർലൻഡിൽ ഇന്ത്യൻ വംശജർക്കും മറ്റ് കുടിയേറ്റക്കാർക്കും നേരെ വംശീയാധിക്ഷേപങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഈ പശ്ചാത്തലത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസ്സി പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. വിജനമായ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ ക്രൂരമായ ആക്രമണത്തിൽ കുടുംബം ഇപ്പോഴും ഭീതിയിലാണ്. എന്നിരുന്നാലും, മകളെ ആക്രമിച്ച കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിങ് നൽകണമെന്നാണ് അമ്മയുടെ നിലപാട്. ഈ സംഭവം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ മാത്രമല്ല, പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം വംശീയ ആക്രമണങ്ങൾ സമൂഹത്തിന്റെ കൂട്ടായ ശ്രദ്ധയും പ്രതികരണവും അർഹിക്കുന്നുണ്ടെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയരുന്നു



