വാട്ടർലൂ മേഖലയിലെ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പുമായി പൊതുജനാരോഗ്യ വിഭാഗം. വെല്ലസ്‌ലി ടൗൺഷിപ്പിൽ രണ്ട് വവ്വാലുകൾക്ക് പേവിഷബാധ (Rabies) സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ അറിയിപ്പ്. വേനൽക്കാലത്ത് വവ്വാലുകളുടെ പ്രവർത്തനം കൂടുന്നതിനാൽ ഇത് അസാധാരണമായ ഒരു സംഭവമല്ലെന്ന് അധികൃതർ അറിയിച്ചു.
ഉഷ്ണരക്തമുള്ള മൃഗങ്ങളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പേവിഷബാധ. വവ്വാലുകൾ, റാക്കൂണുകൾ, സ്കങ്കുകൾ, കുറുക്കൻമാർ എന്നിവയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കടിയോ മാന്തലോ വഴിയോ, അല്ലെങ്കിൽ രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരുമായി മുറിവുകൾ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയോ രോഗം പകരാം.
മനുഷ്യരിൽ ഈ രോഗം വളരെ വിരളമാണ്. ഒന്റാറിയോയിൽ കഴിഞ്ഞ വർഷമാണ് ഏറ്റവും ഒടുവിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തത്. അതിനുമുമ്പ് 1967-ലാണ് ഒരു കേസ് റിപ്പോർട്ട് ചെയ്തത്. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം മാരകമാകും. 1924 മുതൽ കാനഡയിൽ പേവിഷബാധയെ തുടർന്ന് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 9 മരണങ്ങൾ ഒന്റാറിയോയിലാണ്.
പേവിഷബാധയുടെ ലക്ഷണങ്ങൾ:
സ്പർശം, ശബ്ദം, പ്രകാശം എന്നിവയോട് അമിതമായി പ്രതികരിക്കുക.
വിശപ്പില്ലായ്മ.
നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുകയോ വീഴുകയോ ചെയ്യുക.
കടിയേൽക്കുന്നത് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:
അസുഖമുള്ളതോ പരിക്കേറ്റതോ ആയ മൃഗങ്ങളെ തൊടാതിരിക്കുക.
വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാതിരിക്കുക.
വവ്വാലുകളെ വീട്ടിൽ നിന്ന് അകറ്റി നിർത്തുക.
ഒരു മൃഗത്തിന്റെ കടിയോ മാന്തലോ ഏറ്റാൽ ചെയ്യേണ്ടത്:
എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവേറ്റ ഭാഗം വൃത്തിയാക്കുക.
ഉടനടി വൈദ്യസഹായം തേടുക.
വിവരം പൊതുജനാരോഗ്യ വിഭാഗത്തെ അറിയിക്കുക.
കടിച്ച മൃഗത്തിന് ഉടമയുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ശേഖരിക്കുക.
Two bats test positive for rabies in Wellesley Township



