മോങ്ക്ടൺ: കാനഡയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ മാരിടൈം സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ മോങ്ക്ടൺ യുണൈറ്റഡ് വിജയ കിരീടം ചൂടി. ആഗസ്റ്റ് 3-ന് മോങ്ക്ടണിലെ 60 Leopold F. Belliveau Dr സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മാൽവ X1-നെ 42 റൺസിന് പരാജയപ്പെടുത്തിയാണ് മോങ്ക്ടൺ യുണൈറ്റഡ് കപ്പ് സ്വന്തമാക്കിയത്.
ടോസ് നേടിയ മാൽവ X1 ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റു ചെയ്ത മോങ്ക്ടൺ 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടി. 20 പന്തിൽ നിന്ന് 3 ഫോറുകളും 8 കൂറ്റൻ സിക്സറുകളും സഹിതം 62 റൺസ് അടിച്ചുകൂട്ടിയ ഹരിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മോങ്ക്ടൺ യുണൈറ്റഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മാൽവ X1-നെ മോങ്ക്ടൺ ബൗളർമാർ തുടക്കം മുതൽ തന്നെ വരിഞ്ഞുമുറുക്കി. പവർപ്ലേ ഓവറുകൾ എറിഞ്ഞ അൻഷുൽ താക്കൂറും അമൻദീപും വെറും 6 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഈ ടൂർണമെന്റിൽ പവർപ്ലേയിൽ ബൗണ്ടറിയോ സിക്സറോ പിറക്കാത്ത ഒരേയൊരു ഇന്നിങ്‌സും ഇതുമാത്രമായിരുന്നു. അമൻദീപ് 2 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും, അൻഷുൽ താക്കൂർ 2 ഓവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി, നിതിൻ ചാൾസ് 2 ഓവറിൽ 13 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ,അനന്ദു.പി.ഷാജി 1 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളും വീഴ്ത്തി.ഈ കൃത്യതയാർന്ന ബൗളിംഗിനും മികച്ച ഫീൽഡിംഗിനും മുന്നിൽ പിടിച്ചുനിൽക്കാൻ മാൽവ X1-ന് കഴിഞ്ഞില്ല. റൺസ് നേടാൻ ബുദ്ധിമുട്ടിയ അവർക്ക് 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ മോങ്ക്ടൺ യുണൈറ്റഡ് 42 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.തകർപ്പൻ ബാറ്റിംഗിലൂടെ മോങ്ക്ടൺ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ച ഹരി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മദ്രാസ് കഫേ സ്പോൺസർ ചെയ്ത ആറടി ഉയരമുള്ള എവർറോളിങ് ട്രോഫിയും 1111 ഡോളർ സമ്മാനത്തുകയും മോങ്ക്ടൺ യുണൈറ്റഡ് ടീം ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പായ മാൽവ X1-ന് 555 ഡോളർ രണ്ടാം സമ്മാനമായി ലഭിച്ചു. സെമി ഫൈനലിൽ ലൂണൻബർഗ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് മോങ്ക്ടൺ യുണൈറ്റഡ് ഫൈനലിൽ പ്രവേശിച്ചത്. അറ്റ്ലാന്റിക് കാനഡയിലെ 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
Maritime Super Cup: Moncton United winners;






