കാനഡയിൽ AI -യുടെ അതിവേഗ വളർച്ച വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ക്ലാസ്മുറികളിൽ AI ഉപയോഗിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പകരം, അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങളിലേക്ക് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ, അധ്യാപകർക്ക് AI ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നൽകേണ്ടത് അനിവാര്യമാണെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
അധ്യാപകർക്കിടയിൽ AI ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് കനേഡിയൻ ടീച്ചേഴ്സ് ഫെഡറേഷൻ്റെ മുൻ പ്രസിഡൻ്റായ ഹെയ്ദി യെറ്റ്മാൻ പറഞ്ഞു. ഇതിനായി വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും ഇല്ലാത്തതിനാൽ ഓരോ അധ്യാപകരും സ്വന്തം നിലയിൽ AI ഉപയോഗിക്കാൻ പഠിക്കുകയാണെന്നും യെറ്റ്മാൻ കൂട്ടിച്ചേർത്തു. അതേസമയം, ആഗോളതലത്തിൽ ഈ വിഷയത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ ടെക് ഭീമന്മാർ അമേരിക്കയിലെ ടീച്ചേഴ്സ് യൂണിയനുമായി ചേർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 400,000 അധ്യാപകർക്ക് AI പരിശീലനം നൽകാൻ 23 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയിൽ ആൽബെർട്ട, ക്യുബെക്ക് തുടങ്ങിയ പ്രവിശ്യകൾ സ്കൂളുകൾക്കായി AI മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവ പൂർണ്ണമല്ല. AI-യുടെ സാധ്യതകളും പോരായ്മകളും സംബന്ധിച്ച് ഇത് വേണ്ടത്ര ധാരണ നൽകുന്നില്ലെന്ന് യെറ്റ്മാൻ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ ആശങ്കകൾ അകറ്റുന്നതിനായി ബി.സി, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പോലുള്ള പ്രവിശ്യകൾ അവരുടെ സ്വന്തം നയങ്ങൾ രൂപീകരിക്കുകയും ചിലയിടങ്ങളിൽ പരിശീലന പരിപാടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഭാവിയിൽ AI വിദ്യാഭ്യാസ മേഖലയിൽ അധ്യാപകർക്ക് പകരമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അധ്യാപകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വേണം AI നയങ്ങൾ രൂപീകരിക്കാനെന്ന് വിദഗ്ദ്ധർ പറയുന്നു. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പോലും AI ട്യൂട്ടറായി ഉപയോഗിച്ച് പഠിക്കാനുള്ള അവസരം ഒരുക്കാൻ സാധിക്കുമെന്നും, അതിനാൽ AI-യെ ഒഴിവാക്കാൻ കഴിയില്ലെന്നും അധ്യാപകർ പറയുന്നു. വിദ്യാർത്ഥികൾക്ക് AI ധാർമികമായി ഉപയോഗിക്കാനുള്ള കഴിവ് പഠിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.



