നയാഗ്രാ ഫാൾസിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ഒന്റാറിയോയുടെ പ്രത്യേക അന്വേഷണ യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചു. പരസ്പരമുള്ള ഏറ്റുമുട്ടലിൽ പോലീസിൽ നിന്നും വെടിയേറ്റ 40 കാരനായ വ്യക്തിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പരോളിനിറങ്ങി തിരിച്ച് ജയിലിൽ എത്താതിരുന്ന ആളെ അറസ്റ്റ് ചെയ്യുന്നതിനായിട്ടാണ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസിന്റെ റോപ്പ് (Repeat Offender Parole Enforcement Unit) സ്ക്വാഡ് നയാഗ്രാ ഫാൾസിലെ സ്റ്റാൻലി അവന്യൂവിനും പീർ ലെയ്നിനും സമീപം എത്തിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും, തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന സ്ഥലത്ത് പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നും ഇല്ലെന്ന് നയാഗ്രാ റീജിയണൽ പോലീസ് അറിയിച്ചു. നയാഗ്രാ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും, വെടിവെപ്പുമായി തങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി നാല് അന്വേഷണ ഉദ്യോഗസ്ഥരെയും രണ്ട് ഫോറൻസിക് ഉദ്യോഗസ്ഥരെയും നിയോഗിച്ചതായി SIU വക്താവ് ക്രിസ്റ്റി ഡെനെറ്റ് അറിയിച്ചു.
One person killed, police officer seriously injured in Niagara Falls police shooting



