ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ലയുൾപ്പെടെയുളള ബഹിരാകാശ സഞ്ചാരികൾ തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഡൽഹിയുടെ ആകാശത്ത്. ഡൽഹിയിലെ സൈനിക് ഫാമുകൾക്ക് മുകളിലെത്തിയ ബഹിരാകാശ നിലയം വ്യക്തമായി കാണാനും സാധിച്ചു. ഐ ഫോൺ 16 ഉപയോഗിച്ച് നിലയത്തിന്റെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. കുഞ്ഞനൊരു നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയത്തെ ദൃശ്യങ്ങളിൽ കാണാം. ജൂലൈ ഒൻപതിന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. ഒൻപതിന് പുലർച്ചെ 5.50 മുതൽ 5.57 വരെ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. തെളിഞ്ഞ ആകാശത്ത് മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുകയുളളു.
400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലയം ഒരു ദിവസം 15 തവണയിലധികം ഭൂമിയെ വലംവയ്ക്കുന്നുണ്ട്. ഒരു ഫുട്ബോൾ സ്‌റ്റേഡിയത്തിന്റെ വലിപ്പമുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 72 മീറ്റർ വീതിയുമാണുളളത്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം.
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, അമേരിക്കൻ ആസ്‌ട്രോനട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുളള ടിബോർ കാപു എന്നിവരടക്കം 11 പേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുളളത്.



