കാനഡയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീയും പ്രളയവും കാരണം വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്തെ പരിസ്ഥിതി മന്ത്രിമാർ പുതിയതും കൂടുതൽ കർശനവുമായ വായു ഗുണനിലവാര മാനദണ്ഡങ്ങൾ അംഗീകരിച്ചു. കനേഡിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഓഫ് ദ എൻവയോൺമെന്റിന്റെ (Canadian Council of Ministers of the Environment) വാർഷിക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ യെല്ലോനൈഫിലാണ് ഇത്തവണ യോഗം നടന്നത്.
വായു മലിനീകരണത്തിന് കാരണമാകുന്ന ചെറിയ കണികകളുടെ (PM2.5) അളവ് കുറയ്ക്കാൻ പുതിയ തീരുമാനമെടുത്തു എന്നാണ് യോഗത്തിന് ശേഷം മന്ത്രിമാർ അറിയിച്ചത്, 2020-ൽ ഉണ്ടായിരുന്ന 27 മൈക്രോഗ്രാം/മീറ്റർ³ എന്ന അളവ് 2030 ആകുമ്പോൾ 23 മൈക്രോഗ്രാം/മീറ്റർ³ ആക്കി കുറയ്ക്കാനാണ് ലക്ഷ്യം. ഇത് വായുവിന്റെ നിലവാരം മെച്ചപ്പെടുത്താനും ആളുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ സർക്കാരുകൾക്ക് പുറമെ, തദ്ദേശീയ സമൂഹം, വ്യവസായ, പരിസ്ഥിതി, ആരോഗ്യ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഇവയ്ക്ക് നിയമപരമായ ബാധ്യതയില്ലെങ്കിലും, വായു ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് മന്ത്രിമാർ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. “വായുവിന്റെ ഗുണനിലവാരത്തിലെ തകരാറുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കാട്ടുതീ ഭീഷണി വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയപരമായ ഈ കർശനമായ ദേശീയ നിലവാരങ്ങൾ നമുക്ക് അതിജീവനശേഷിയും ആരോഗ്യ പ്രതിരോധശേഷിയും ഉറപ്പാക്കാൻ സഹായിക്കും,” നോർത്ത് വെസ്റ്റ് ടെറിട്ടറീസ് പരിസ്ഥിതി മന്ത്രി ജയ് മക്‌ഡൊണാൾഡ് പറഞ്ഞു. അടുത്ത വർഷം പരിസ്ഥിതി മന്ത്രിമാരുടെ വാർഷിക യോഗം ആൽബർട്ടയിൽ വെച്ച് നടക്കും.



