പ്രശസ്ത നടൻ ജൂലിയൻ മക്‌മഹൺ അന്തരിച്ചു. 56 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് ആയിരുന്നു മരണം. കാൻസറിനോട് ധീരമായി പോരാടിയ ശേഷം ഈ ആഴ്ച അദ്ദേഹം സമാധാനപരമായി വിടവാങ്ങിയതെന്ന് ഭാര്യ കെല്ലി മക്‌മഹൺ ആണ് അറിയിച്ചത്. ‘നിപ്/ടക്ക്’ എന്ന പരമ്പരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഈ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
എഫ്.എക്സ്. (FX) ചാനലിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘നിപ്/ടക്ക്’ (Nip/Tuck)-ലെയും 2000-കളിലെ ‘ഫന്റാസ്റ്റിക് ഫോർ’ (Fantastic Four) ചലച്ചിത്രങ്ങളിലെ ഡോ. ഡൂം എന്ന വില്ലൻ കഥാപാത്രത്തെയും അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ‘നിപ്/ടക്ക്’ പരമ്പരയിൽ, ഡിലൻ വാൾഷിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മക്‌മഹോണായിരുന്നു.
പ്ലാസ്റ്റിക് സർജൻമാരുടെ ജീവിതം പ്രമേയമാക്കിയ ഈ പരമ്പരയ്ക്ക് 18 പ്രൈംടൈം എമ്മി നോമിനേഷനുകൾ ലഭിക്കുകയും, മികച്ച പ്രോസ്തെറ്റിക് മേക്കപ്പ് വിഭാഗത്തിൽ പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ, 2005-ലെയും 2007-ലെയും ‘ഫന്റാസ്റ്റിക് ഫോർ’ സിനിമകളിൽ ഡോ. വിക്ടർ വോൺ ഡൂം എന്ന കഥാപാത്രമായി അദ്ദേഹം തിളങ്ങി. ഈ കഥാപാത്രം ഭാവിയിൽ ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ എന്ന ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുമെന്നതും ശ്രദ്ധേയമാണ്. ടെലിവിഷൻ പരമ്പരകളായ ‘ചാർമ്ഡ്’ (Charmed), ‘പ്രൊഫൈലർ’ (Profiler) എന്നിവയിലും മക്‌മഹോൺ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ‘എഫ്.ബി.ഐ: മോസ്റ്റ് വാണ്ടഡ്’ (FBI: Most Wanted) എന്ന ടെലിവിഷൻ പരമ്പരയിലും നെറ്റ്ഫ്ലിക്സിന്റെ ‘ദി റെസിഡൻസ്’ (The Residence) എന്ന പ്രോജക്റ്റിലും അഭിനയിച്ചിരുന്നു.
ഓസ്‌ട്രേലിയൻ-അമേരിക്കൻ പൗരനായ ജൂലിയൻ മക്‌മഹൺ, 1980-കളിൽ ആരംഭിച്ച തന്റെ അഭിനയ ജീവിതം അവസാനകാലം വരെ സജീവമായി തുടർന്നു. ഈ വേനൽക്കാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന നിക്കോളാസ് കേജ് നായകനാകുന്ന ‘ദി സർഫർ’ (The Surfer) എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ മികച്ച ആന്റി-ഹീറോകളിൽ ഒരാളായിരുന്ന മക്‌മഹോണിന്റെ വിയോഗം ഹോളിവുഡിന് വലിയ നഷ്ടമാണ്.



