ഒട്ടാവ: കാനഡയിൽ പൗരത്വ നിയമഭേദഗതിയായ Bill C-3 പ്രകാരം പൗരത്വം നൽകിയ ശേഷം രേഖകൾ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട ഇമിഗ്രേഷൻ വകുപ്പിന്റെ നടപടി വലിയ വിവാദമാകുന്നു. പാരമ്പര്യമായി പൗരത്വം നൽകുന്ന നിബന്ധനകൾ ലളിതമാക്കിയതിന് പിന്നാലെയാണ് നൂറോളം പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നോട്ടീസ് അയച്ചത്. ലഭിച്ച പാസ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും പെട്ടെന്ന് തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത് യൂറോപ്പിലടക്കം യാത്രയിലായിരുന്ന അപേക്ഷകരെ വലിയ പ്രതിസന്ധിയിലാക്കി.
മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യക്തതക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് പിന്നീട് ഐആർസിസി സമ്മതിച്ചു. അപേക്ഷകർ സമർപ്പിച്ച പഴയ ചരിത്രരേഖകളുടെ ഔദ്യോഗിക സാധുത പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായാണ് വിലയിരുത്തൽ. സംഭവം പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് 6,500-ഓളം അപേക്ഷകൾ വീണ്ടും പരിശോധിച്ച വകുപ്പ്, തടഞ്ഞുവെച്ചതിൽ 33 സർട്ടിഫിക്കറ്റുകൾ പുനഃസ്ഥാപിച്ചു നൽകിയെങ്കിലും സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശമിച്ചിട്ടില്ല.
1800-കളിലെ സെൻസസ് രേഖകളും മാമോദീസ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചാണ് പലരും കനേഡിയൻ വംശപരമ്പര തെളിയിച്ച് പൗരത്വം നേടിയത്. എന്നാൽ ഇത്തരം പഴയ രേഖകൾ സ്വീകരിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെത്തി സുരക്ഷിതമായി ജീവിക്കാൻ ആഗ്രഹിച്ച ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെ നിരവധി പേരെയാണ് ഈ പെട്ടെന്നുള്ള തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്.
വിഷയം പാർലമെന്റിലും രാഷ്ട്രീയതലത്തിലും വലിയ ചർച്ചയായതോടെ അന്വേഷണത്തിന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ് ഉത്തരവിട്ടു. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷിച്ച് മറുപടി നൽകുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. അടിയന്തര പ്രാധാന്യത്തോടെ (Urgent processing) സമർപ്പിച്ച അപേക്ഷകളിലാണ് പ്രധാനമായും ഇത്തരത്തിലുള്ള പിഴവുകൾ സംഭവിച്ചത്.
നേരത്തെ ഒന്നാം തലമുറയ്ക്ക് ശേഷം വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അവകാശമുണ്ടായിരുന്നില്ല. കോടതി വിധിക്ക് പിന്നാലെ 2025 ഡിസംബർ 15-ന് നിലവിൽ വന്ന നിയമഭേദഗതിയിലൂടെയാണ് മുൻ തലമുറകളുടെ പാരമ്പര്യം വെച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരമൊരുങ്ങിയത്. എന്നാൽ നിയമം നടപ്പിലാക്കിയതിലെ ധൃതിയും ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് പൗരത്വം നൽകിയ ശേഷം തിരിച്ചെടുക്കുന്ന കടുത്ത നടപടിയിലേക്ക് സർക്കാറിനെ എത്തിച്ചത്.
The law was changed, followed by a decision; Huge controversy in Canada over the action of the Immigration Department
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




