ചൈനയിൽ എട്ടു വയസ്സുകാരിക്ക് ദിവസങ്ങളോളം തുടർച്ചയായി ഛർദ്ദിയുണ്ടായി. ഓരോ തവണ ഛർദ്ദിക്കുമ്പോഴും 1 സെന്റീമീറ്റർ നീളമുള്ള പുഴുക്കളാണ് പുറത്തുവന്നത്. ഏകദേശം ഒരു മാസത്തോളം ഈ അവസ്ഥ തുടർന്നു. വീട്ടിൽ മറ്റാർക്കും ഈ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പല ആശുപത്രികളിൽ പോയെങ്കിലും കാരണം കണ്ടെത്താനായില്ല. ഒടുവിൽ, സൂചോ യൂണിവേഴ്സിറ്റിയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണിച്ചപ്പോഴാണ് ഇതിന്റെ കാരണം മനസ്സിലായത്.
പരിശോധനയിൽ, കുട്ടിയുടെ വയറ്റിൽ നിന്ന് വന്നത് ഡ്രെയിൻ ഫ്ലൈ അഥവാ മോത്ത് ഫ്ലൈയുടെ ലാർവകളാണെന്ന് കണ്ടെത്തി. ഈച്ചകൾ സാധാരണയായി കുളിമുറി, അടുക്കള തുടങ്ങിയ നനഞ്ഞ സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്. കുട്ടി പല്ലു തേക്കുമ്പോഴോ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോഴോ വെള്ളത്തിലൂടെ ഈ ലാർവകൾ ശരീരത്തിൽ പ്രവേശിച്ചതാകാമെന്ന് യാങ്‌ഷോ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഷു യുഹുയി പറഞ്ഞു. ഭൂമിക്കടിയിലെ ജലസ്രോതസ്സിൽ ഈ ലാർവകൾ കലർന്നിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈച്ചകൾ രക്തത്തിലൂടെ രോഗങ്ങൾ പടർത്താറില്ലെങ്കിലും, അവയുടെ ലാർവകൾ ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ഈച്ചകളെ കൈകൊണ്ട് കൊല്ലരുതെന്നും ഷു മുന്നറിയിപ്പ് നൽകി. കാരണം, അവയിലുള്ള ബാക്ടീരിയകൾ കൈകളിൽ പറ്റിപ്പിടിക്കുകയും പിന്നീട് കണ്ണിൽ തടവുമ്പോൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രെയിൻ ഫ്ലൈകളെ നശിപ്പിക്കാൻ തിളച്ച വെള്ളത്തിൽ ഉപ്പും ബേക്കിംഗ് സോഡയും കലർത്തി ഡ്രെയിനുകളിലേക്ക് ഒഴിക്കുന്നത് നല്ലതാണ്. പക്ഷേ, ഇവയെ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം കുളിമുറിയും അടുക്കളയും വൃത്തിയായി സൂക്ഷിക്കുകയും ഉണക്കി വയ്ക്കുകയും ചെയ്യുക എന്നതാണ്.



