ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വീണ്ടും വെളിപ്പെടുത്തൽ. ഇന്തൊനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെയായ ഇന്ത്യൻ നേവി ക്യാപ്റ്റൻ ശിവകുമാറിന്റേതാണ് വെളിപ്പെടുത്തൽ. ജൂൺ 10-ന് ഇന്തൊനേഷ്യയിലെ UNSURYA യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സെമിനാറിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഓപ്പറേഷൻ സിന്ദൂർ നടന്ന മെയ് ഏഴ് രാത്രിയിൽ പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി. പാകിസ്താന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു,’ ശിവകുമാർ പറഞ്ഞു. യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധതന്ത്രത്തിൽ മാറ്റം കൊണ്ടുവരികയും മെയ് 10-ഓടെ ബ്രഹ്‌മോസ് മിസൈലുകൾ ഉപയോഗിച്ച് പാക് സൈനികകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതത് എന്നാണ് റിപ്പോർട്ട്.
അതേസമയം, ഈ വാർത്ത നിഷേധിച്ചുകൊണ്ട് ഇന്തൊനേഷ്യയിലെ ഇന്ത്യൻ എംബസി മുന്നോട്ടുവന്നു. അറ്റാഷെയുടെ സംഭാഷണത്തിലെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വിവരങ്ങളാണ് റിപ്പോർട്ടുകളായി പുറത്തുവന്നതെന്ന് ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്ന് സൈനികതലത്തിൽ നിന്നും പുറത്തുവന്നിട്ടുള്ള രണ്ടാമത്തെ പരാമർശമാണിത്. ഇതിനെക്കുറിച്ച് ആദ്യമായി പരാമർശം നടത്തിയത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ആയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് എട്ടിന് നടത്തിയ പത്രസമ്മേളനത്തിൽ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി ഇന്ത്യയുടെ നഷ്ടങ്ങളെക്കുറിച്ച് പരോക്ഷമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളൂ.



