ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുടെ ശക്തമായ എതിർപ്പുകൾ മറികടന്ന്, 660 വീടുകൾ ഉൾപ്പെടുന്ന പുതിയ ഭവന നിർമ്മാണ പദ്ധതിക്ക് ഓട്ടാവാ നഗരസഭയുടെ പ്ലാനിംഗ് കമ്മിറ്റി അനുമതി നൽകി. റിവർസൈഡ് ഡ്രൈവിന്റെയും ഹണ്ട് ക്ലബ് റോഡിന്റെയും സമീപത്തുള്ള ഈ വികസന പദ്ധതിക്ക് അനുമതി ലഭിച്ചതോടെ, നഗരസഭയുടെ അന്തിമ വോട്ടെടുപ്പിലേക്ക് ഇത് നീങ്ങും.
ഈ പദ്ധതി പ്രകാരം പ്രദേശത്തിന് മുകളിലൂടെ ദിവസേന 80-ൽ അധികം വിമാനങ്ങൾ പറന്നുപോകുമെന്നും, വിമാനങ്ങളുടെ ശബ്ദം രാത്രികാലങ്ങളിൽ പോലും താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, വീടുകളുടെ ചുമരുകൾ പോലും കുലുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വിമാനത്താവള അതോറിറ്റി ആശങ്ക ഉന്നയിച്ചിരുന്നു. ഭാവിയിൽ ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാമെന്നും, മോൺട്രിയൽ ട്രൂഡോ, ടൊറന്റോ പിയേഴ്സൺ, ബിലി ബിഷപ്പ് വിമാനത്താവളങ്ങളിലുണ്ടായ സമാന പ്രശ്നങ്ങൾ അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നാൽ, ടാഗാർട്ട് റിയൽറ്റി അവതരിപ്പിച്ച ഈ പദ്ധതിയിൽ 9 മുതൽ 17 നിലകളുള്ള നാല് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, ടൗൺഹൗസുകൾ, ഒറ്റനില വീടുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സ്ഥലം മുൻപേ തന്നെ താമസയോഗ്യമായി മാറ്റിയെടുത്തിരുന്നെന്നും, ഉയരവുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. വിമാന ശബ്ദത്തെക്കുറിച്ചുള്ള വിവരങ്ങൾ വീടുകൾ വാങ്ങുന്നവരെയും വാടകയ്ക്കെടുക്കുന്നവരെയും മുൻകൂട്ടി അറിയിക്കുമെന്നും ടാഗാർട്ട് ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം, ഹണ്ട് ക്ലബ് കമ്മ്യൂണിറ്റി അസോസിയേഷൻ ഈ പദ്ധതിയെ സ്വാഗതം ചെയ്തു. പുതിയ വീടുകൾ വാടക നിരക്കുകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഓഡ്രി ബെലാൻജർ അഭിപ്രായപ്പെട്ടു. “ഇത് വിമാനത്താവളത്തിനടുത്തുള്ള പ്രദേശമാണെന്ന് ജനങ്ങൾക്കറിയാം. അത് അവരുടെ തിരഞ്ഞെടുപ്പാണ്,” വാർഡ് കൗൺസിലർ റിലി ബ്രോക്കിങ്ടൺ പദ്ധതിക്ക് പിന്തുണ നൽകികൊണ്ട് പറഞ്ഞു.
പ്ലാനിംഗ് കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ 8 പേർ പദ്ധതിയെ അനുകൂലിച്ചപ്പോൾ 3 പേർ എതിർത്തു. വിമാനത്താവള അതോറിറ്റിയുടെ കടുത്ത എതിർപ്പുകളും ഭാവി പ്രവചനങ്ങളും നിലനിൽക്കുമ്പോഴും, ഓട്ടാവയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഈ പദ്ധതിക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണ ലഭിച്ച് മുന്നോട്ട് പോകുകയാണ്.



