കാനഡയിലെ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച പുതിയ ആരോഗ്യമേഖലാ പരിഷ്കാരങ്ങൾ ആശങ്കകൾക്കും നേരിയ പ്രതീക്ഷകൾക്കും വഴിയൊരുക്കുന്നു. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) വഴി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, ആശുപത്രികൾക്ക് നേരിട്ട് നിയമനങ്ങളും വിഭവ വിതരണവും കൈകാര്യം ചെയ്യാൻ അധികാരം നൽകാനാണ് സ്മിത്ത് ലക്ഷ്യമിടുന്നത്. AHS-നെ നാല് ഏജൻസികളായി വിഭജിക്കുന്നതും, പൂർത്തിയാക്കുന്ന ചികിത്സാരീതികളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ആശുപത്രികൾക്ക് പണം നൽകുന്ന ‘ആക്ടിവിറ്റി-ബേസ്ഡ് ഫണ്ടിംഗ്’ ഏർപ്പെടുത്തുന്നതും ഈ സമഗ്രമായ ആരോഗ്യ പരിഷ്കരണത്തിന്റെ ഭാഗമാണ്.
ഈ മാറ്റത്തെ പിന്തുണയ്ക്കുന്നവർ, മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രിസ്റ്റൽ വിറ്റെവ്രോംഗൽ ഉൾപ്പെടെയുള്ളവർ, ക്യുബെക്കിലും ഓസ്ട്രേലിയയിലും സമാനമായ മാതൃകകൾ കണ്ടതുപോലെ, ഇത് നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കുമെന്ന് വാദിക്കുന്നു. പ്രാദേശിക സ്വയംഭരണവും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടിംഗും സംയോജിപ്പിക്കുന്നത് ആൽബർട്ടയുടെ ആരോഗ്യ സംവിധാനത്തിൽ പുരോഗതി കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ആരോഗ്യ നയ വിദഗ്ധരും അക്കാദമിക് വിദഗ്ധരും കൂടുതൽ സംശയാലുക്കളാണ്. വികേന്ദ്രീകരണം ചികിത്സയിൽ അസമത്വങ്ങൾക്കും പൊതുസേവനങ്ങളുടെ സ്വകാര്യവൽക്കരണം വർധിക്കാനും ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
മുന്കാലത്തെ ആരോഗ്യപരിഷ്കാരങ്ങളുടെ പരിണതഫലങ്ങൾ മനസ്സിലാക്കി പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജോൺ ചർച്ച്, പുതിയ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും അതേ വഴിക്ക് നയിക്കുമോ എന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.. നേരത്തെ, വർഷം പകുതിയോടെ ഫണ്ട് തീർന്ന് ആശുപത്രികൾ സർക്കാരിനെ സമീപിക്കുകയും അത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തിരുന്നു. പ്രാദേശിക നിയന്ത്രണത്തിന്റെ മറവിൽ ആൽബർട്ടയിലെ ആരോഗ്യ സേവനങ്ങളോ, സൗകര്യങ്ങളോ സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറുമോ എന്നും അദ്ദേഹം ഭയപ്പെടുന്നു. 2010-ൽ കാൽഗറിയിലെ ഒരു സർജിക്കൽ സെന്റർ പാപ്പരായതും, 2023-ൽ ലാബ് സേവനദാതാക്കളായ ഡൈനലൈഫ് തകർന്നതും പോലുള്ള പരാജയങ്ങൾ ആവർത്തിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ യഥാർത്ഥ മാറ്റമാണോ അതോ നിലവിലുള്ള അധികാരങ്ങളെ പുനർനാമകരണം ചെയ്യുക മാത്രമാണോ എന്നും വിമർശകർ ചോദ്യം ചെയ്തു. കാൽഗറി സർവകലാശാലയിലെ ഹെൽത്ത് ഇക്കണോമിസ്റ്റായ ഡോ. ബ്രാഡൻ മാൻസ് ചൂണ്ടിക്കാട്ടിയത്, സർക്കാർ ചെലവ് മരവിപ്പിക്കുകയും AHS വഴി അനുമതികൾ കേന്ദ്രീകരിക്കുകയും ചെയ്യുന്നതുവരെ ആശുപത്രികൾക്ക് മുമ്പ് ചില നിയമന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എന്നാണ്. ആരോഗ്യം ഒരു മത്സരപരമായ ബിസിനസ്സല്ലെന്നും അത് തുല്യവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പ്രവേശനം ഉറപ്പാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യു.എസ്. പോലുള്ള മാർക്കറ്റ് അധിഷ്ഠിത സംവിധാനങ്ങൾ പലപ്പോഴും മോശം ഫലങ്ങൾക്കും ഉയർന്ന ചിലവുകൾക്കും ഇടയാക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“പ്രാദേശിക നിയന്ത്രണം” എന്നതുകൊണ്ട് സർക്കാർ എന്താണ് അർത്ഥമാക്കുന്നതെന്നതിലെ വ്യക്തതയില്ലായ്മ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആശുപത്രി നേതാക്കൾക്ക് പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനോ സേവനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനോ ഉള്ള അധികാരം യഥാർത്ഥത്തിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണമെന്ന് ഹെൽത്ത് കൺസൾട്ടന്റ് സ്റ്റീവൻ ലൂയിസ് പറഞ്ഞു. നിലവിൽ, ഒരു സൈറ്റിൽ മാത്രമാണ് പുതിയ മാതൃക പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയെന്നും പ്രാദേശിക ബോർഡുകളോ അഡ്മിനിസ്ട്രേറ്റർമാരെയോ ചേർക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സംശയങ്ങൾക്കിടയിലും, ആശുപത്രികൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനോ പാട്ടത്തിന് നൽകാനോ ഉദ്ദേശ്യമില്ലെന്ന് ആൽബർട്ട സർക്കാർ ഉറപ്പിച്ചു പറയുന്നു. ആൽബർട്ടയിൽ സ്വകാര്യ ആശുപത്രികൾ നിയമവിരുദ്ധമാണെന്നും എല്ലാ അവശ്യ ആരോഗ്യ സേവനങ്ങളും പൊതു ഫണ്ടോടു കൂടിയതും സൗജന്യവുമായി തുടരുമെന്നും പ്രസ് സെക്രട്ടറി കൈൽ വാർണർ വ്യക്തമാക്കി. എന്നിരുന്നാലും, സുതാര്യത, പരിചരണത്തിലെ സ്ഥിരത, ഈ പരിഷ്കാരങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.



