കാനഡയിലെ വിദ്യാർത്ഥികൾക്കിടയിലും തൊഴിൽക്ഷാമം രൂക്ഷമാകുന്നു. വേനൽക്കാല ജോലി തേടുന്ന ബ്രിട്ടീഷ് കൊളംബിയയിലെ വിദ്യാർത്ഥികളെല്ലാം തൊഴിൽ ലഭിക്കാൻ വളരെ ബുദ്ധിമുട്ടുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബി.സി.യിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനത്തിൽ നിന്ന് 16.6 ശതമാനമായി ഉയർന്നതായും, ഇത് ഏതൊരു പ്രവിശ്യയിലെയും ഏറ്റവും വലിയ വർധനവാണെന്നും ബി.സി. ബിസിനസ് കൗൺസിൽ വ്യക്തമാക്കുന്നു. എട്ട് വർഷത്തിനുള്ളിൽ പൊതുമേഖല 30 ശതമാനത്തിലധികം വളർന്നെങ്കിലും പ്രവിശ്യയിലെ സ്വകാര്യ മേഖല ചുരുങ്ങുന്നത് തൊഴിലില്ലായ്മയ്ക്ക് ഒരു കാരണമായി സംഘടന പറയുന്നു.
” സമ്പദ്‌വ്യവസ്ഥ വളർത്തണമെങ്കിലും പ്രവിശ്യയിൽ യുവാക്കളെ നിലനിർത്തണമെങ്കിലും സ്വകാര്യ മേഖലയിൽ കൂടുൽ തൊഴിലവസര സൃഷ്ടിക്കാൻ പ്രവിശ്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,” ബ്രിട്ടീഷ് കൊളംബിയ ബിസിനസ് കൗൺസിലിലെ പോളിസി ഡയറക്ടർ ജെയ്‌റോ യൂനിസ് പറഞ്ഞു. നിലവിലെ തൊഴിൽ വിപണിയിൽ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത്, ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്, തങ്ങളുടെ നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മറ്റ് ജോലികൾ കിട്ടില്ലെന്ന് ഭയപ്പെടുന്നതിനാൽ തങ്ങൾ ചെയ്യുന്ന ജോലികളിൽ തന്നെ തുടരാൻ ആളുകൾ നിർബന്ധിതരാകുന്നു.



