യുറേനിയം ഖനനവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കെ, സാമ്പത്തിക വികസനത്തിന് തടസ്സമുണ്ടാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് അനുവദിക്കില്ലെന്ന് നോവ സ്കോഷ്യ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. പ്രവിശ്യാ ഫണ്ടിംഗ് ലഭിച്ച വെസ്റ്റ് ഹാൻ്റ്സ്, പിക്റ്റോ കൗണ്ടി എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെയും ഗ്രൂപ്പുകളുടെയും വിശദമായ പട്ടികയും അദ്ദേഹം പുറത്തുവിട്ടു.
വെസ്റ്റ് ഹാൻ്റ്സ് റീജിയണൽ കൗൺസിലർമാർ യുറേനിയം ഖനനത്തിനുള്ള നീക്കങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് വോട്ട് ചെയ്തതിന് പിന്നാലെയാണ് പ്രീമിയറുടെ ഈ നീക്കം. കൗൺസിലിനും പൊതുജനങ്ങൾക്കും വിഷയം കൂടുതൽ മനസ്സിലാക്കാനും സർക്കാരിന് താമസക്കാരുമായും ഫസ്റ്റ് നേഷൻസുമായും കൂടിയാലോചിക്കാനും സമയം നൽകണമെന്നായിരുന്നു പ്രമേയം.
ജൂൺ 11 ബുധനാഴ്ച, പ്രീമിയർ ടിം ഹ്യൂസ്റ്റൺ വെസ്റ്റ് ഹാൻ്റ്സ് റീജിയണൽ മുനിസിപ്പാലിറ്റിയുടെ സിഎഒയ്ക്കും മേയർ എബ്രഹാം സെബിയാനും കത്തെഴുതി. കൗൺസിലിന്റെ പാരിസ്ഥിതിക ആശങ്കകളെ താൻ മാനിക്കുന്നുണ്ടെങ്കിലും, പ്രകൃതിവിഭവ പദ്ധതികളുമായി മുന്നോട്ട് പോകാൻ തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഹ്യൂസ്റ്റൺ പറഞ്ഞു. 2021-ൽ അധികാരമേറ്റത് മുതൽ ഹാൻ്റ്സ് കൗണ്ടിയിൽ ആരോഗ്യ സംരക്ഷണം ഒഴികെ ഏകദേശം 88 പദ്ധതികളിലൂടെ 227.3 മില്യൺ ഡോളർ നിക്ഷേപിച്ചതായും ഹ്യൂസ്റ്റൺ അറിയിച്ചു.
പ്രളയസാധ്യതാ അടിസ്ഥാന സൗകര്യങ്ങൾ, പൊതുഭവനങ്ങളുടെ പരിപാലനം, ഹൈവേ വികസനം, സാംസ്കാരിക സ്ഥാപനങ്ങൾ, പാലങ്ങൾ, തിയേറ്ററുകൾ, ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ തുടങ്ങിയ പദ്ധതികളും ഫണ്ടിംഗ് ലഭിച്ചവയിൽ ഉൾപ്പെടുന്നു. “ഇവ കുറച്ച് നിക്ഷേപങ്ങൾ മാത്രമാണ്, നിങ്ങളുടെ കൗൺസിലിന് ഇനിയും ധാരാളം ആവശ്യങ്ങൾ ഉണ്ടാകുമെന്നതിൽ തനിക്ക് സംശയമില്ല. എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ അതിന് മുന്നോട്ട് പോകാനുള്ള വിഭവങ്ങൾ തങ്ങൾക്ക് ആവശ്യമാണെന്നും ഹ്യൂസ്റ്റൺ കത്തിൽ എഴുതിയിരുന്നു.
സമാനമായ ഒരു കത്ത് പിക്റ്റോ കൗണ്ടി മുനിസിപ്പാലിറ്റിക്കും അയച്ചു, അവരും യുറേനിയം ഖനനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ സംരക്ഷണം അല്ലെങ്കിൽ ഹൈവേ വികസനം ഒഴികെ 2021 മുതൽ പിക്റ്റോ കൗണ്ടിയിൽ ഏകദേശം 293.3 മില്യൺ ഡോളർ നിക്ഷേപിച്ചതായി ആ കത്തിൽ പറയുന്നു.
തങ്ങളുടെ ഔദ്യോഗിക അഭ്യർത്ഥന അയക്കുന്നതിന് മുമ്പ് ഹ്യൂസ്റ്റന്റെ കത്ത് ലഭിച്ചത് “അപ്രതീക്ഷിതമായിരുന്നെന്ന്” സെബിയാൻ പറഞ്ഞു. പ്രവിശ്യാ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയാണോ ഈ കത്ത് എന്ന് ചോദിച്ചപ്പോൾ, “ഒരു വ്യക്തിക്ക് ഒരു കത്ത് പല രീതിയിൽ വ്യാഖ്യാനിക്കാം” എന്ന് സെബിയാൻ മറുപടി നൽകി.
എക്സ്പ്ലോറേഷൻ ലൈസൻസുകൾ നൽകുന്നതിന് മുമ്പ് പൊതുയോഗങ്ങൾ നടത്തണമെന്ന സെബിയാന്റെ ആവശ്യം ഹ്യൂസ്റ്റന്റെ കത്തിൽ പരാമർശിച്ചിരുന്നില്ല. താൽപ്പര്യമുള്ള കമ്പനികളിൽ നിന്ന് അപേക്ഷകളൊന്നും ലഭ്യമല്ലാത്തതിനാൽ യുറേനിയം ഖനനത്തിനുള്ള അടുത്ത നീക്കം വ്യക്തമല്ലെന്ന് ഹ്യൂസ്റ്റൺ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വ്യോമ നിരീക്ഷണം നടത്തുന്നത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



