കാനഡയിലെ ലാബ്രഡോർ തീരത്ത് അപൂർവമായ കറുത്ത മഞ്ഞുമല കണ്ടെത്തി. കഴിഞ്ഞ മാസം കാർബണിയറിൽ മീൻ പിടിക്കാൻ പോയ ഹല്ലൂർ അന്റോണിയുസെൻ എന്ന മത്സ്യത്തൊഴിലാളിയാണ് കറുത്ത മഞ്ഞുമലയുടെ ചിത്രം ആദ്യമായി പകർത്തിയത്. വെളുത്ത മഞ്ഞുകട്ടകൾക്കിടയിൽ കറുത്ത പാറപോലൊന്ന് പൊങ്ങിക്കിടക്കുന്നത് കണ്ട് താൻ അദ്ഭുതപ്പെട്ടെന്നും . ഉരുണ്ടും പാറപോലുള്ളതുമായ മഞ്ഞുമലകൾ മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. പൂർണമായും കറുപ്പാണെന്ന് മാത്രമല്ല, വജ്രത്തിൻറെ ആകൃതിയിലാണ് ഈ മഞ്ഞുമല. കടലിലെ മഞ്ഞുമലയുടെ വലിപ്പം കണക്കാക്കാൻ പ്രയാസമാണെന്നാണ് അന്റോണിയുസെൻ പറയുന്നത്. പക്ഷേ ഈ കറുത്ത മഞ്ഞുമല ഒരു സാധാരണ ബംഗ്ലാവിന്റെ മൂന്നിരട്ടി വലുപ്പമെങ്കിലും ഉണ്ടായിരിക്കുമെന്നും നമ്മൾക്ക് എപ്പോളും കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും മഞ്ഞുമലയ്ക്ക് പിന്നിലെ കാരണമന്വേഷിക്കുകയാണ് സോഷ്യൽമീഡിയ. മഞ്ഞുമലയുടെ ഉത്ഭവത്തിന് പിന്നാലെ കാരണമെന്തെന്നാണ് പ്രധാന ചർച്ച. സാധാരണയായി മഞ്ഞുമലയിലുള്ള വായുവിൻറെ ചെറിയ പാളികൾ ദൃശ്യപ്രകാശത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നതുകാരണം മഞ്ഞുമലകൾ മിക്കവാറും വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കാലം കഴിയുമ്പോൾ മഞ്ഞ് ഉള്ളിലേക്ക് ചുരുങ്ങുകയും വായു പുറത്തേക്ക് തള്ളപ്പെടുകയും കൂടുതൽ പ്രകാശം ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യും. ഇതോടെ മഞ്ഞുമലകൾ ഗ്ലാസ് പോലെ വ്യക്തമാകുകയും ചെയ്യും. എന്നാൽ ചില മഞ്ഞുമലകൾക്ക് കറുപ്പ് അല്ലെങ്കിൽ ചാരനിറം ഉണ്ടായേക്കാം. മഞ്ഞിൽ കെട്ടിക്കിടക്കുന്ന അഴുക്കോ മറ്റ് ഇരുണ്ട വസ്തുക്കളോ ആയിരിക്കാം ഇതിന് കാരണം എന്നാണ് കരുതുന്നത്.



