നോവ സ്ക്കോഷ്യയിലെ പിക്റ്റോ കൗണ്ടിയിൽ നിന്ന് കാണാതായ ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും നാല് വയസ്സുകാരൻ ജാക്ക് സള്ളിവനെയും കണ്ടെത്താനുള്ള ഒരു മാസത്തിലേറെ നീണ്ട തിരച്ചിൽ ഇപ്പോൾ ക്രിമിനൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണെന്ന് മുൻ നോവ സ്കോട്ടിയ പോലീസ് ഡിറ്റക്ടീവ് ജിം ഹോസ്കിൻസ്. മെയ് 2-നാണ് ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗയർലോക്ക് റോഡിലുള്ള വീട്ടിൽ നിന്ന് സഹോദരങ്ങളായ ലില്ലിയെയും ജാക്കിനെയും കാണാതായത്.
ഹോസ്കിൻസിന്റെ അഭിപ്രായത്തിൽ, പോലീസിന്റെയും മറ്റ് ഏജൻസികളുടെയും ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഒരു ക്രിമിനൽ കേസായി മാറിയിരിക്കുന്നു എന്നാണ്. “അവർ ഇതിനെ ക്രിമിനൽ വശങ്ങളോടുകൂടിയാണ് നോക്കുന്നത്. അവർ അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്രമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) നൽകിയ വിവരമനുസരിച്ചാണെങ്കിൽ ലില്ലിക്കും ജാക്കിനും എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തേക്കാം. നാഷണൽ സെന്റർ ഫോർ മിസ്സിംഗ് പേഴ്സൺസ്, കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ നിരവധി ദേശീയ ഏജൻസികൾ അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്.
“വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ തങ്ങൾ ശേഖരിക്കുകയും, വിലയിരുത്തുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു,” നോർത്ത് ഈസ്റ്റ് നോവ ആർ.സി.എം.പി മേജർ ക്രൈം യൂണിറ്റ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോർപ്പറൽ സാൻഡി മാതരു പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ 54 പേരെ ചോദ്യം ചെയ്യുകയും ചിലരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ രണ്ടാനച്ഛനായ ഡാനിയൽ മാർട്ടൽ താൻ പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാണെന്ന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പോളിഗ്രാഫ് ടെസ്റ്റ് ഒരു നുണ കണ്ടെത്തൽ ഉപകരണമല്ലെന്നും, മറിച്ച് ഒരു വ്യക്തിയുടെ പ്രതികരണം വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപകരണമാണെന്നും മേരിലാൻഡ് സർവകലാശാലയിലെ ക്രിമിനോളജി വിഭാഗത്തിലെ ഫോറൻസിക് കൺസൾട്ടന്റും ലക്ചററുമായ ടോം മോറിയെല്ലോ പറഞ്ഞു. ഇത് കുറ്റവാളിയെ കണ്ടെത്താനുള്ള ഒരു അബദ്ധരഹിതമായ മാർഗ്ഗമല്ല. ടെസ്റ്റ് വിജയിച്ചില്ലെങ്കിൽ, അതിനർത്ഥം കുറ്റക്കാരനാണെന്നോ കേസിൽ പങ്കുണ്ടെന്നോ അല്ല, മറിച്ച് ചില പ്രശ്നങ്ങളോ, ചില വിവരങ്ങളോ ഉണ്ടായേക്കാം എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയെ കണ്ടെത്താൻ പോളിഗ്രാഫ് ടെസ്റ്റ് ഒരു “സൈക്കോളജിക്കൽ ടൂൾ” ആയും പോലീസ് ഉപയോഗിക്കാറുണ്ട്, ഇത് കുറ്റസമ്മതം നടത്താൻ ചിലരെ പ്രേരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടികൾ കാണാതായ വീട്ടിലെയും പരിസരങ്ങളിലെയും കെട്ടിടങ്ങൾ, സെപ്റ്റിക് ടാങ്കുകൾ, കിണറുകൾ, ഖനികൾ, കൾവർട്ടുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ആർ.സി.എം.പി. തിരച്ചിൽ നടത്തിയിരുന്നു.
വ്യാപകമായ തിരച്ചിലുകൾക്ക് ശേഷവും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, അന്വേഷണം ഒരു ക്രിമിനൽ വശത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ഹോസ്കിൻസ് അഭിപ്രായപ്പെട്ടു. “കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ആരെങ്കിലും പറയണം, ‘ആ പ്രദേശങ്ങളിലെ തിരച്ചിൽ മതി,’ എന്ന്. അപ്പോൾ എങ്ങോട്ട് നീങ്ങും? ഒരു സാധ്യത മാത്രമേയുള്ളൂ. ഒരു കുറ്റകൃത്യത്തിന്റെ സാധ്യത. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



