ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രത്തിന് സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ആക്രമണത്തിന്റേതെന്ന പേരിൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും രണ്ടാമത്തെ ആക്രമണം സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ടെഹ്റാന് സമീപം വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, യെമനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. ജറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആണവ പദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമതും ഇസ്രയേൽ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയത്.



