കാനഡയിൽ വൻ മയക്കുമരുന്നുവേട്ട. 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ കനേഡിയൻ പോലീസ് പിടികൂടി. ഏഴ് ഇന്ത്യൻ വംശജരുൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. ‘പ്രോജക്ട് പെലിക്കൺ’ എന്നുപേരിട്ട ഓപ്പറേഷനിലൂടെയായിരുന്നു പോലീസ് നടപടി. മയക്കുമരുന്നുവഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിലെ സുപ്രധാനകണ്ടെത്തൽ. പ്രതിഷേധങ്ങളും ആയുധങ്ങൾക്കുള്ള ധനസമാഹരണമുൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന മൂല്യമുള്ള മെക്‌സിക്കൻ കൊക്കെയ്‌നുകൾ കടത്താൻ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് പണം നൽകുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യുഎസിൽ നിന്ന് കാനഡയിലേക്ക് ചരക്കുകൾ കടത്താൻ ഉപയോഗിച്ചുവരുന്ന ട്രക്ക് റൂട്ടുകളാണ് ഈ സംഘവും ഉപയോഗിച്ചിരുന്നത്. കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ), യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ എന്നിവർ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് കഴിഞ്ഞ വർഷം ജൂലൈയിലാണ് ഏജൻസികൾ തുടക്കമിട്ടത്.



