മോൺട്രിയൽ നഗരത്തിൽ പുതിയ നിയമപ്രകാരം, സ്വദേശികൾക്ക് തങ്ങളുടെ പ്രധാന വാസസ്ഥലത്തെ ഭാഗികമായി അല്ലെങ്കിൽ മുഴുവനായി ഹോളിഡേ റന്റലായി വാടകയ്ക്ക് നൽകാൻ അനുമതി ലഭിക്കും, എന്നാൽ ശനിയാഴ്ച മുതൽ സെപ്റ്റംബർ 10 വരെ മാത്രമായിരിക്കും ഇത് സാധുവാകുന്നത്. അതിനായി നഗര ഭരണകൂടത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെർമിറ്റ് ഉണ്ടായിരിക്കണം. ഈ നീക്കത്തിന്റെ ഭാഗമായി ടൂറിസ്റ്റ് അക്കോമഡേഷൻ ബൈലോ പ്രകാരം, അനധികൃത റന്റൽ പരസ്യങ്ങൾക്ക് ശക്തമായ നടപടി ഉണ്ടാകും.
നഗരത്തിൽ വ്യാജ റന്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് മേയർ വാലറി പ്ലാന്തെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. റന്റൽ വിപണിയിൽ കൂടുതൽ വാസയോഗ്യമായ യൂണിറ്റുകൾ തിരിച്ചെത്തുമെന്നതാണ് പ്രധാന ലക്ഷ്യം. “സെപ്റ്റംബർ 10-ന് ശേഷവും റന്റൽ പരസ്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം നിയമവിരുദ്ധമാകുമെന്ന്” പ്ലാന്തെ ശക്തമായി മുന്നറിയിപ്പ് നൽകി.
പെർമിറ്റിന് അപേക്ഷിക്കാൻ $300 ഫീസ് വേണ്ടിവരും. ഇതുവരെ
സമർപ്പിക്കപ്പെട്ടിട്ടുള്ളത് 890 അപേക്ഷകളാണ്, അതിൽ 329 പേർക്കാണ് പെർമിറ്റ് ലഭിച്ചിരിക്കുന്നത്. ചില ബൊറോകൾക്ക് വിവിധ ചട്ടങ്ങളും നിയന്ത്രണങ്ങളുമുള്ളതിനാൽ, ലഷീൻ, സെയിന്റ്-ലോറന്റ്, സെയിന്റ്-ലിയോനാർഡ് എന്നീ പ്രദേശങ്ങളിൽ ടൂറിസ്റ്റ് റന്റലുകൾക്ക് പൂര്‍ണ നിരോധനമുണ്ട്.
പ്രധാന വാസസ്ഥലമല്ലാത്ത വീടുകൾ വാർഷികമായി ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേകം പെർമിറ്റ് വേണം, എന്നാൽ വില്ലെ-മാരി ബൊറോയിലെ സ്റ്റെ-കാതറിൻ തെരുവിന്റെ ഭാഗങ്ങളിലേയ്ക്ക് മാത്രമാണ് ഇതിന് അനുമതി. 2023-ൽ ഒല്ഡ് മോൺട്രിയലിൽ അനധികൃത Airbnb റന്റലുകളിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ക്യുബെക് സർക്കാർ നിയമങ്ങൾ കടുപ്പിച്ചത്. എന്നാൽ Airbnb ഈ നിയമങ്ങളെ “തീവ്രവും ദൂരദർശിതയില്ലാത്തതുമായ” നടപടിയെന്ന് വിമർശിച്ച്, ടൂറിസത്തിൽ ആശ്രയിക്കുന്ന ബിസിനസ്സുകൾക്ക് ഇതു തിരിച്ചടി ആകുമെന്ന് വ്യക്തമാക്കി.



