ബ്രിട്ടീഷ് കൊളംബിയയുടെ വടക്കുകിഴക്കൻ മേഖലയിൽ കാട്ടുതീയുടെ വ്യാപനം രൂക്ഷമാകുമ്പോൾ പീസ് റിവർ റീജിയണൽ ഡിസ്ട്രിക്റ്റ് പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറത്തിറക്കി. കാട്ടുതീ അടുത്തുള്ള പോക്കറ്റ് നൈഫ് ക്രീക്കിൽ പടർന്ന് പിടിച്ച് മറ്റൊരു തീപിടുത്തത്തിന് കാരണമായത്. 610 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലുള്ള ഈ തീപ്പിടുത്തം ഇപ്പോൾ നിയന്ത്രണാതീതമാണ്.
ജീവന് അപകടമാകുന്ന സാഹചര്യമാണ് നിലവിൽ ഇവിടെ നിലനില്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബക്കിംഗ്‌ഹോഴ്‌സ് നദിക്ക് പടിഞ്ഞാറായി ഉള്ള പ്രദേശങ്ങളിലേക്കും റെഡ്‌ഫെർൺ തടാകത്തിലേക്കുള്ള ട്രെയിലുകളിലേക്കും ആളുകളെ ഒഴിപ്പിക്കാൻ ഞായറാഴ്ച നടപടി സ്വീകരിച്ചിരുന്നു. ഇതിനൊപ്പം, ആൽബെർട്ട അതിർത്തിയോട് ചേർന്നുള്ള കിസ്‌കാറ്റിനാവ് നദിയിലെ കാട്ടുതീ കാരണം നേരത്തെ തന്നെ ചില മേഖലകളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ നടപ്പാക്കിയിരുന്നു.
സമ്മിറ്റ് ലേക്ക് പ്രദേശത്തും മറ്റൊരു വലിയ കാട്ടുതീ കാണപ്പെട്ടു. ഇപ്പോഴിതിന്റെ വ്യാപനം 106 ചതുരശ്ര കിലോമീറ്ററാണ്. കാറ്റിന്റെ സ്വാധീനം കൊണ്ട് ഈ തീപിടുത്തം വേഗത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ബിസി വൈൽഡ്‌ഫയർ സർവീസ് മുന്നറിയിപ്പ് നൽകുന്നത്.
ഈ ആഴ്ച്ച അവസാനത്തോടെ അതിശക്തമായ തീപിടുത്തം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡോസൺ ക്രീക്കിന് തെക്കായി കെല്ലി തടാകത്തിലെ ചെറിയ പ്രദേശം കൂടി കാട്ടുതീ ഭീഷണിയിലായേക്കുമെന്നാണ് മുന്നറിയിപ്പ്.



