കാട്ടുതീയിൽ നിന്നുള്ള പുക എഡ്മണ്ടൺ നഗരത്തിലേക്ക് പടർന്ന് പിടിച്ചതോടെ ഞായറാഴ്ച രാവിലെ നഗരത്തിൽ വായു ഗുണനിലവാര മുന്നറിയിപ്പ് നൽകി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന കാനഡ (ECCC) അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, ചില പ്രദേശങ്ങളിൽ വായുവിന്റെ ഗുണനിലവാരം ഗുരുതരമായി കുറഞ്ഞതായി വ്യക്തമാക്കുന്നുണ്ട്.
പുക കാരണം കാഴ്ച്ച മങ്ങൽ അനുഭവപ്പെടുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
വായു ഗുണനിലവാര സൂചികയിൽ രാവിലെ 9:27ന് 7 ആയിയാണ് രേഖപ്പെടുത്തിയത്. അതായത് ഉയർന്ന അപകടസാധ്യതയെന്ന നിലയിലാണ് ഇത് രേഖപ്പെടുത്തിയത്. ഇത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും മുതിർന്നവർക്കും കുട്ടികൾക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള അവസ്ഥയാണ്.
അതേസമയം, സാഹചര്യങ്ങൾ താൽക്കാലികമാണെന്നും, ഞായറാഴ്ച വൈകിട്ടോടെ വായു ഗുണനിലവാരം മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അതുവരെ പൊതുജനങ്ങൾ തുറന്ന സ്ഥലങ്ങളിലെ കായികപ്രവർത്തനങ്ങൾ ഒഴിവാക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.



