കാനഡയുടെ പ്രതീക്ഷയും ഒളിംപിക് മെഡലിസ്റ്റുമായ സമ്മർ മകിന്റോഷ് വീണ്ടും ചരിത്രം സൃഷ്ടിച്ചു. കാനഡ ബെൽ സ്വിമ്മിംഗ് ട്രയൽസിൽ 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ 3 മിനിറ്റ് 54.18 സെക്കൻഡ് എന്ന അവിശ്വസനീയ സമയത്തിൽ ഫിനിഷ് ചെയ്ത ടൊറൊന്റോ സ്വദേശിയായ ഈ യുവതാരം, ലോക നീന്തൽ രംഗത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയുടെ അറിർൺ ടിറ്റ്മസ് 2023-ൽ സ്ഥാപിച്ച 3 മിനിറ്റ് 55.38 സെക്കൻഡ് എന്ന ലോക റെക്കോർഡിനെ പൂർണ്ണ 1.20 സെക്കൻഡ് മെച്ചപ്പെടുത്തിയാണ് മകിന്റോഷ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇത് അവരുടെ നാലാമത്തെ ലോംഗ് കോഴ്‌സ് വേൾഡ് റെക്കോർഡാണ്. സാധാരണയായി ശാന്തമായ സ്വഭാവത്തിന് പേരുകേട്ട മകിന്റോഷ്, ഈ വിജയത്തിന് ശേഷം വെള്ളത്തിൽത്തന്നെ കൈയടിച്ച് സന്തോഷം പ്രകടിപ്പിച്ചത് വളരെ അപൂർവ്വം മാത്രം കാണാൻ കഴിയുന്ന ദൃശ്യമായിരുന്നു. “രണ്ട് വർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം, ഇതിനിടയിൽ നിരവധി പരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു ” എന്ന് വികാരാധീനയായി യുവതാരം പ്രതികരിച്ചു.
2023-ൽ ഈ ഇനത്തിൽത്തന്നെ ആദ്യമായി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്ന മകിന്റോഷിന്, പിന്നീട് ടിറ്റ്മസ് ആ റെക്കോർഡ് തകർത്തത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ മകിന്റോഷ് വീണ്ടും ലോകത്തിലെ ഒന്നാം നമ്പർ നീന്തൽ സ്ഥാനത്ത് തിരിച്ചെത്തി. ഈ ട്രയൽസിൽ മറ്റ് കാനഡൻ നീന്തൽ താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. എല്ലാ ജാൻസൻ 4 മിനിറ്റ് 7.36 സെക്കൻഡ് എന്ന മികച്ച സമയത്തിൽ രണ്ടാം സ്ഥാനം നേടി, സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ കാനഡയെ പ്രതിനിധീകരിക്കാനുള്ള അവസരം സ്വന്തമാക്കി.
നാല് വർഷക്കാലം വലിയ പരിക്കുകളുടെ പ്രശ്‌നങ്ങളിൽ കഴിഞ്ഞിരുന്ന കോൾ പ്രാറ്റ്, 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ 54.27 സെക്കൻഡ് സമയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. മാനസിക ആരോഗ്യത്തിനായി വിശ്രമം എടുത്തിരുന്ന പാരാ നീന്തൽ താരം നിക്കോളാസ് ബെന്നറ്റും മത്സരത്തിലേക്ക് വിജയകരമായി തിരിച്ചു വന്നു. കൈലി മാസ്, മേരി-സോഫി ഹാർവി, ഇതൻ എക്ക്, ഒലിവർ ഡോസൺ, അലി ഡീൽ, അലി വാൻ വിക്സ്-സ്മാർട്ട് എന്നിവരും വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയികളായി.
ഇവരുടെയെല്ലാം ഒത്തുചേർന്ന പ്രകടനം കാനഡയുടെ നീന്തൽ രംഗത്തെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുകയാണെന്ന് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025 വേൾഡ് അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പും അടുത്ത ഒളിംപിക് ഗെയിംസും മുന്നിൽ കണ്ടുകൊണ്ട്, കാനഡയുടെ സ്വർണ്ണ സ്വപ്നങ്ങൾ കൂടുതൽ ശക്തമാവുകയാണ്. സമ്മർ മകിന്റോഷിന്റെ ഈ അസാധാരണ നേട്ടം, ലോക നീന്തൽ രംഗത്ത് കാനഡയുടെ ശക്തിയും കഴിവും വീണ്ടും തെളിയിച്ചിരിക്കുകയാണ്.



