ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലിവാക്കിനടുത്ത് ബ്രൈഡൽ ഫാൾസ് റോഡിലെ ഗ്യാസ് സ്റ്റേഷനിൽ തീപിടുത്തം. ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ഹൈവേ 1 ന് സമീപത്തുള്ള ഗ്യാസ് സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. പോപ്കം ഫയർ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് അഗ്നിശമനസേന തീയണക്കാൻ എത്തിയത്. സംഭവ സ്ഥലത്ത് മൂന്നു പ്രൈമറി കെയർ പാരാമെഡിക്കുകൾ, ഒരു അഡ്വാൻസ്ഡ് കെയർ പാരാമെഡിക്, ഒരു റെസ്പോണ്ടർ യൂണിറ്റ്, ഒരു സൂപ്പർവൈസർ, കൂടാതെ ഒരു ക്രിട്ടിക്കൽ കെയർ ഹെലികോപ്റ്ററും ബിസി എമർജൻസി ഹെൽത്ത് സർവീസസ് നിയോഗിച്ചു.
തീപിടിത്തം മോട്ടോർഹോമിൽ നിന്നാണ് ആരംഭിച്ചതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അതിന് പിന്നാലെ തീ ഗ്യാസ് സ്റ്റേഷനിലേക്കും പടർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് ചില്ലിവാക്ക് ആർസിഐഎംപി സംഭവസ്ഥലത്തേക്ക് ഉദ്യോഗസ്ഥരെ അയച്ചു. തീയുടെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ കർശനമാക്കി.



