ഒന്റാറിയോയിലെ മിസിസാഗയിലെ ഒരു പാർക്കിംഗ് ഏരിയയിൽ വെച്ച് 51 കാരനായ ഇന്തോ-കനേഡിയൻ ബിസിനസുകാരൻ ഹർജീത് ധദ്ദ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ബ്രിട്ടീഷ് കൊളംബിയയിലെ ഡെൽറ്റയിൽ നിന്നുള്ള അമൻ, ദിഗ്‌വിജയ് എന്നിവരാണ് അറസ്റ്റിലായത്. മിസിസാഗയിലെ ട്രാൻമേർ ഡ്രൈവിനും ടെൽഫോർഡ് വേയ്ക്കും സമീപമുള്ള ഒരു പാർക്കിംഗ് ഏരിയയിൽ വെച്ചായിരുന്നു കൊലപാതകം. അക്രമികൾ നിരവധി തവണ വെടിവച്ചു. പരിക്കേറ്റ ഹർജീതിതെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് തൊട്ടുപിന്നാലെ മോഷ്ടിച്ച വാഹനത്തിൽ പ്രതികൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണത്തിനൊടുവിൽ, രണ്ട് പ്രതികളെ തിരിച്ചറിയുകയും ബ്രിട്ടീഷ് കൊളംബിയയിലെ ഡെൽറ്റയിൽവെച്ച് പിടിയിലാകുകയുമായിരുന്നു. മെയ് 28 ന്, ഡെൽറ്റ പോലീസ് ഡിപ്പാർട്ട്‌മെന്റ്, അബോട്ട്‌സ്‌ഫോർഡ് പോലീസ്, സറേ പോലീസ്, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിആർപി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.



