പശ്ചിമ കാനഡയിൽ തുടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീയുടെ ഫലമായി ഉണ്ടാകുന്ന പുകമേഘങ്ങൾ ബാധിത പ്രദേശങ്ങളിലും സമീപ പ്രവിശ്യകളിലും വ്യാപിച്ചതോടെ ഈ ആഴ്ച അമേരിക്കയിലെ ചില ഭാഗങ്ങളിലും വായുമലിനീകരണത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിലെ ചില പ്രദേശങ്ങളിൽ പുക മൂടിയതിന്റെ ഫലമായി വായുവിന്റെ ഗുണമേന്മ വളരെ മോശമായ നിലയിലാണ്. ഇത് വളരെ അപകടകരാമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
മാനിറ്റോബ, സസ്‌കാച്ചെവാൻ, ആൽബർട്ട, ഒന്റാറിയോ എന്നീ പ്രവിശ്യകളിൽ മുന്നേ തന്നെ എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ വായു മലിനീകരണ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ മാനിറ്റോബയിലെ 53 കമ്മ്യൂണിറ്റികൾക്ക് കാട്ടുതീ പുക മൂലം മോശമായ വായു മലിനീകരണവും കാഴ്ചശക്തി കുറയുന്നതും സംബന്ധിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. പുക കിഴക്കോട്ട് നീങ്ങി ബാധിത കമ്മ്യൂണിറ്റികളിൽ നിന്ന് അകന്നു പോകുന്നതിനാൽ മാനിറ്റോബയിലെ ചില മേഖലകളിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും, ചില പ്രാദേശങ്ങളിൽ കാട്ടുതീ ഇപ്പോഴും നിയന്ത്രണാതീതമായ രീതിയിൽ തുടരുന്നു. ഫ്ലിൻ ഫ്ലോൺ, ക്രോസ് ലേക്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാട്ടുതീയുടെ പുക ശ്വാസകോശത്തെയും ആരോഗ്യത്തെയും ബാധിച്ചു നേരത്തെ മരിക്കാൻ പോലും കാരണമാകാമെന്ന് കാനഡ ആരോഗ്യ വകുപ്പ് 2024ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
മുതിർന്നവർ, കുട്ടികൾ, ഗർഭിണികൾ, വെളിയിൽ ജോലിചെയ്യുന്നവർ, കാൻസർ, പ്രമേഹം, ശ്വാസകോശ അല്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, ആസ്ത്മ, മാനസികരോഗങ്ങൾ എന്നിവയുള്ളവർ ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് വിധേയരാകാനുള്ള സാധ്യതയുണ്ട്.
അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ വിസ്‌കോൺസിനിലും, കിഴക്കൻ നെബ്രാസ്കയിലും, വടക്കുകിഴക്കൻ നോർത്ത് ഡക്കോട്ടയിലും, മിന്നസോട്ടയുടെ ഭൂരിഭാഗം ഭാഗങ്ങളിലുമാണ് ഇപ്പോൾ പുക കൂടുതലായി ബാധിച്ചിട്ടുള്ളത്. മിന്നസോട്ട പൊലൂഷൻ കൺട്രോൾ എജൻസി ബുധനാഴ്ച വരെ മിന്നസോട്ടയിൽ സംസ്ഥാന വ്യാപക വായുമലിനീകരണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്ലൂസ്കൈ കാനഡയുടെ പുക പ്രവചനമനുസരിച്ച്, വരുന്ന ദിവസങ്ങളിൽ പുക തെക്കുകിഴക്കോട്ട് നീങ്ങുമെനാൻ കരുതുന്നത്.



