കൂടുതൽ പേരെ ഉൾപ്പെടുത്തി കാനഡയിലെ ദന്തചികിത്സാ പദ്ധതി വിപുലീകരിച്ചിരിച്ചു. പതിനെട്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള കാനഡക്കാർക്കായി ജൂൺ മാസം മുതൽ ദന്തചികിത്സാ കവറേജ് ലഭ്യമായതോടെ അധികമായി നാലര മില്യൺ പേർക്ക് ഈ സേവനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പുതിയ പദ്ധതി വന്നതോടെ ദീർഘകാലമായി ചികിത്സ ഒഴിവാക്കിയ ആളുകൾ വീണ്ടും ദന്തചികിത്സാ ക്ലിനിക്കുകളിൽ എത്തിത്തുടങ്ങിയെന്നാണ്
നോർത്തേൺ ഒന്റാരിയോയിലെ ഡെന്റിസ്റ്റായ ഡോക്ടർ തോമസ് ഡീറ്റെർട്ട് വ്യക്തമാക്കുന്നത്. ചിലർക്ക് ചെറിയ പ്രശ്‌നങ്ങൾ മാത്രമുണ്ടായിരുന്നെങ്കിലും, മറ്റ് പലർക്കും ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദന്തചികിത്സാ സേവനങ്ങളുടെ ആവശ്യകത വൻതോതിൽ വർധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
പദ്ധതിയിലൂടെ ദന്തചികിത്സയിലേക്കുള്ള പ്രവേശനം വലിയൊരു ജനവിഭാഗത്തിന് ലഭിച്ചത് തീർച്ചയായും അഭിനന്ദനാർഹമാണെന്നാണ് ഒന്റാരിയോ ഡെന്റൽ അസോസിയേഷന്റെ മുൻ അധ്യക്ഷനായ ഡോക്ടർ ജെറി സ്മിത്ത് പറഞ്ഞു. എന്നാൽ ദന്തഡോക്ടർമാരോടൊപ്പം ഡെന്റൽ ഹൈജീനിസ്റ്റുകളുടെയും അസിസ്റ്റന്റുമാരുടെയും എണ്ണം കണക്കിലെടുത്താൽ, നിലവിൽ ഈ മേഖല ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. ഒന്റാരിയോ പ്രവിശ്യയിൽ മാത്രം 8,900 ദന്തചികിത്സാ ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്.
പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കിയിരുന്നെങ്കിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ സമയം ലഭിച്ചേനെയെന്ന് സ്മിത്ത് അഭിപ്രായപ്പെടുന്നു. അതേസമയം, കൂടുതൽ കാനഡിയന്മാർക്ക് മുഖാരോഗ്യ പരിചരണത്തിലേക്കുള്ള പ്രവേശനം ഈ പദ്ധതി നൽകുന്നത് സാമൂഹിക ആരോഗ്യ രംഗത്തെ ഒരു സുപ്രധാന മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാലത്തെ ആസൂത്രണത്തിലൂടെ ഈ വെല്ലുവിളികൾ മറികടക്കാൻ സാധിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.



