ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും വിദേശ വിദ്യാഭ്യാസത്തോട് താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. വിദേശത്ത് പഠിക്കുക, ജോലി നേടുക , ജീവിതം മികവുറ്റതാക്കുക എന്നതൊക്കെ അവരുടെ സ്വപ്‌നങ്ങളാണ്. വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2025-ല്‍ 18 ലക്ഷമായാണ് ഉയര്‍ന്നത്. 2023-ല്‍ 13 ലക്ഷമായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണമാണ് വീണ്ടും ഗണ്യമായി വര്‍ധിച്ചത്.
വിദേശകാര്യ മന്ത്രാലയമാണ് വിവിധ ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കാനഡിലും യുകെയിലുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളത്. വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2023-ല്‍ 1.3 ദശലക്ഷമായിരുന്നത് 2025 ആയപ്പോഴേക്കും 1.8 ലേക്ക് എത്തുന്നു. വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുതിച്ചുചാട്ടമാണ് ഈ ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നത്.
2024-ല്‍ കാനഡയില്‍ 137,608 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെയില്‍ 98,890 വിദ്യാര്‍ത്ഥികളുമാണുള്ളത്. യുഎസിലെക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുകളിലും വളര്‍ച്ചയുണ്ട്. കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 331,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തിയത്, 2023 നെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധനവാണിത്. ഈ കാലയളവില്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു.
2023-2024 ശൈത്യകാല സെമസ്റ്ററില്‍ ജര്‍മ്മനിയിലും അയര്‍ലന്‍ഡിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം 49,483 പേര്‍ ജര്‍മ്മനിയിലും 7,000-ത്തിലധികം പേര്‍ ഓസ്ട്രേലിയയിലും പഠിക്കുന്നു. യു.എസ്, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. പലരും ഗവേഷണ രംഗത്തും സാങ്കേതികവിദ്യയിലും നേട്ടങ്ങള്‍ കുറിച്ച് ഈ രാജ്യങ്ങളില്‍ തുടരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിദേശത്ത് വിദ്യാഭ്യാസം നേടിയ ശേഷം ഇന്ത്യയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ വിദഗ്ധരായി തിരികെ പോകുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വികസനത്തിലുമൊരു പങ്ക് വഹിക്കുന്നുണ്ട്. വിദേശ ബിരുദങ്ങളുടെ ആഗോള അംഗീകാരവും അവയുടെ നിലവാരത്തെക്കുറിച്ചുള്ള ധാരണയും യുവാക്കളെ വിദേശത്ത് പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും കുടിയേറ്റ സാധ്യതകളും മറ്റൊരു ഘടകമാണ്. സ്‌കോളര്‍ഷിപ്പുകളുടെയും സാമ്പത്തിക സഹായത്തിന്റെയും ലഭ്യത വര്‍ദ്ധിച്ചുവരുന്നുണ്ട്.



