കാനഡയുടെ പുതിയ എനർജി, പ്രകൃതി വിഭവ മന്ത്രി ടിം ഹോഡ്ജ്സൺ പ്രധാന പദ്ധതികളുടെ അനുമതി നടപടികൾ വേഗത്തിലാക്കുമെന്നും രാജ്യത്തിന്റെ എനർജി മേഖല ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് അനിശ്ചിതത്വത്തിൽ കഴിഞ്ഞ എണ്ണ വ്യവസായം പുതിയ സർക്കാരിന്റെ നിലപാടിൽ പ്രതീക്ഷ കാണുന്നുവെന്നതാണ് പ്രധാനപ്പെട്ടത്. കാൽഗറിയിൽ നടന്ന ചേംബർ ഓഫ് കൊമേഴ്‌സ് യോഗത്തിൽ സംസാരിച്ച ഹോഡ്ജ്സൺ അഞ്ചുവർഷം നീണ്ട പരിശോധനകൾ ഇനി ആവശ്യമില്ലെന്നും എല്ലാ പ്രധാന പദ്ധതികളിലും രണ്ടുവർഷത്തിനകം തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.
അതേസമയം കാനഡയെ പരമ്പരാഗതവും ശുദ്ധവുമായ എനർജിയിൽ ആഗോള ശക്തിയാക്കാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എനർജി കയറ്റുമതി വിപണികൾ വൈവിധ്യവത്കരിക്കാനും ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തുറമുഖങ്ങളിലേക്ക് കാനഡയുടെ എണ്ണയും വാതകവും എത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ വികസിപ്പിക്കാനും ഹോഡ്ജ്സൺ പ്രതിജ്ഞാബദ്ധനാണ്. കീസ്റ്റോൺ, ട്രാൻസ് മൗണ്ടൻ തുടങ്ങിയ വലിയ പൈപ്പ്‌ലൈൻ പദ്ധതികൾ മുമ്പ് നിയമപരമായ തടസ്സങ്ങളും അനുമതി കാലതാമസവും മൂലം തടസ്സപ്പെട്ടിരുന്നു.
16 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള കാർബൺ പിടിച്ചെടുക്കൽ, സംഭരണ ശൃംഖലയെക്കുറിച്ചും ഹോഡ്ജ്സൺ തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. ഈ പദ്ധതി വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് പിടിച്ചെടുത്ത് ഭൂമിക്കടിയിൽ സുരക്ഷിതമായി സൂക്ഷിക്കുന്ന സാങ്കേതികവിദ്യയാണ്. ആൽബർട്ട പ്രവിശ്യയും ഫെഡറൽ സർക്കാരും ചേർന്ന് വ്യവസായ നേതാക്കളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ പുതിയ സർക്കാരിന്റെ സഹകരണത്തോടെ ഈ പദ്ധതി മുന്നോട്ട് പോകുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നതായി പാത്‌വേയ്‌സ് അലയൻസ് സംഘടനയുടെ അധ്യക്ഷൻ കെൻഡാൽ ഡിലിംഗ് വെള്ളിയാഴ്ച അറിയിച്ചു.



