കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടൊറന്റോയിൽ നിന്നുള്ള ഒരാളെ ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ടൊറന്റോ പോലീസ് സർവീസ് പറയുന്നതനുസരിച്ച്, മെയ് 21 ബുധനാഴ്ച നഗരത്തിലെ യോങ്-എഗ്ലിന്റൺ പരിസരത്തുള്ള ഒരു വസതിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ടൊറന്റോയിൽ നിന്നുള്ള 38 കാരനായ ക്രിസ്റ്റഫർ ഗുസ്റ്റാഫ്‌സണെയാണ് പോലീസ് പിടികൂടിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് രണ്ട് കുറ്റങ്ങൾ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ആക്‌സസ് ചെയ്തതിന് രണ്ട് കുറ്റങ്ങൾ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ലഭ്യമാക്കിയതിന് ഒരു കുറ്റം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ, ഇയാളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തെളിവുകൾ കണ്ടെത്തി.
2025 മെയ് 21 ബുധനാഴ്ച ടൊറന്റോ റീജിയണൽ ബെയിൽ സെന്ററിലെ കോടതിയിൽ പ്രതിയെ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.



