വോക്‌സ്‌വാഗൺ സംഘത്തിന്റെ ഓഡി ബ്രാൻഡ്, എൻജിൻ ഓയിൽ ചോർച്ചയും തീപിടുത്ത അപകട സാധ്യതയും കാരണം കാനഡയിലും അമേരിക്കയിലും 1,06,000-ത്തിലധികം ആഡംബര SUV-കൾ തിരിച്ചുവിളിക്കുകയാണ്. ട്രാൻസ്‌പോർട്ട് കാനഡയുടെ പ്രഖ്യാപനമനുസരിച്ച്, 2022 മുതൽ 2024 വരെയുള്ള ഓഡി Q5 മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. കാനഡയിൽ 16,863 വാഹനങ്ങളും അമേരിക്കയിൽ 89,417 വാഹനങ്ങളുമാൻ ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്.
സിലിണ്ടർ ഹെഡ് കവറിലെ സ്ക്രൂകൾ അയഞ്ഞു പോകുന്നതാണ് പ്രധാന കാരണം. ഇത് എൻജിൻ ഓയിൽ ചോർച്ചയ്ക്ക് കാരണമാകുകയും, ചൂടുള്ള എൻജിൻ ഭാഗങ്ങളുമായി ഓയിൽ സമ്പർക്കത്തിൽ വന്നാൽ തീപിടുത്തത്തിന് കാരണമാകുകയും ചെയ്യും. എൻജിൻ കമ്പാർട്ട്‌മെന്റിൽ പുക ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വാഹനം സുരക്ഷിതമായി നിർത്തണമെന്നാണ് അമേരിക്കൻ അധികാരികൾ മുന്നറിയിപ്പ് നൽകുന്നത്. പ്രാരംഭ ഘട്ടത്തിലെ ഓയിൽ ചോർച്ച കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും, ഗുരുതരമായ അവസ്ഥയിൽ അസുഖകരമായ ഗന്ധവും പുകയും അനുഭവപ്പെടാം.
ഓട്ടോ കമ്പനിയുടെ വിവരമനുസരിച്ച്, ബാധിച്ച വാഹനങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. 2023 മേയ് മാസം മുതൽ ഉപഭോക്താക്കളിൽ നിന്ന് ഇതു സംബന്ധിച്ച് പരാതികൾ വരാൻ തുടങ്ങിയിരുന്നു. മെക്‌സിക്കോയിലെ സാൻ ജോസ് ചിയാപയിലാണ് ഓഡി Q5 നിർമ്മിക്കുന്നത്. കാനഡയിലെ ഉടമകളെ ഓഡി മെയിൽ വഴി അറിയിക്കും. ഡീലർഷിപ്പിൽ വാഹനങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ സ്ക്രൂകൾ മാറ്റി ശരിയായി മുറുക്കിയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വോക്‌സ്‌വാഗണിനെ 1-800-822-8987 എന്ന നമ്പറിൽ ബന്ധപ്പെടാം.



