മാനിറ്റോബയിലെ ലൈസൻസിഡ് ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഗവൺമെന്റ് തലത്തിൽ ശമ്പളവർധനവ് പ്രഖ്യാപിച്ചു. 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പദ്ധതിയുടെ ഭാഗമായി, ശമ്പള ഗ്രിഡ് സഹായത്തിൽ 2.75 ശതമാനവും, ഇതിനോടകം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന അടിസ്ഥാന പ്രവർത്തന ഫണ്ടിൽ 5 ശതമാനത്തോളം വർധനവുമാണ് പ്രവിശ്യയും ഫെഡറൽ സർക്കാരും പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം മൊത്തത്തിൽ 10.9 മില്യൺ ഡോളർ ഫണ്ടിങ്ങ് കൃത്യമായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗമായ 10.3 മില്യൺ ഡോളർ ഫെഡറൽ സർക്കാരിൽ നിന്നുമാണ്, ശേഷിക്കുന്ന $600,000 മാനിറ്റോബൻ പ്രവിശ്യ സർക്കാർ നൽകുന്നതാണ്.
ശിശുസംരക്ഷണ തൊഴിലാളികൾക്ക് യോഗ്യമായ ശമ്പളം ഉറപ്പാക്കുകയും, പുതിയ തൊഴിലാളികളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനും, നിലവിലുള്ളവരെ നിലനിർത്തുന്നതിനുമാണ് ഈ ധനസഹായം ഉപയോഗിക്കുന്നത്. “ഉയർന്ന നിലവാരമുള്ള അധ്യാപകരിൽ നിക്ഷേപം നടത്തുന്നത് ഭാവി തലമുറകളുടെ വിജയത്തിനാണ് അടിത്തറയിടുന്നതെന്ന് മന്ത്രി ജെന്ന സഡ്സ് പറഞ്ഞു.” ഇത്തരം നിക്ഷേപങ്ങൾ രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്കും മികച്ച ശിശുസംരക്ഷണത്തിനും അനിവാര്യമാണെന്നും അവര് വ്യക്തമാക്കി.
മാനിറ്റോബ ചൈൽഡ് കെയർ അസോസിയേഷൻ ഈ ശമ്പള വർധനവിനെ സ്വാഗതം ചെയ്തെങ്കിലും, ഇത് ആദ്യകാലങ്ങളിൽ ആശ്വാസം നൽകുന്ന തീരുമാനം മാത്രമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കി. ദീർഘകാലം നിലനിൽക്കുന്ന ശമ്പളപരിഷ്കരണവും, നിലവിലെ ജീവിതച്ചെലവുകളോട് ബന്ധപ്പെട്ട സ്ഥിരമായ ധനസഹായവും അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
2026 ഓടെ 23,000 പുതിയ ചൈൽഡ് കെയർ സ്ഥലങ്ങൾ സൃഷ്ടിക്കാനുള്ള പ്രവിശ്യ സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പുതിയ നടപടികൾ ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അസോസിയേഷൻ വ്യക്തമാക്കി. ശിശുസംരക്ഷണ മേഖലയിലെ വളർച്ചയും, തൊഴിലാളികളുടെ നിലനിൽപ്പും തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇനിയും കൃത്യമായ നടപടികൾ ആവശ്യമുണ്ടെന്നാണ് അവരുടെ അഭിപ്രായം.



