ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്ന ഇസ്രോയേലിനെതിരെ നടപടി കടുപ്പിച്ച് ലോകരാജ്യങ്ങൾ. ഉപരോധങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ സൈനിക നടപടികൾ നിർത്തിവയ്ക്കാനും മാനുഷിക സഹായം ഉടൻ അനുവദിക്കാനും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിൽ കുടിയേറ്റം തുടരാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുന്നുവെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും എന്നാൽ ഗസ്സയിലെ ക്രൂരത ഇനി അനുവദിക്കാൻ കഴിയില്ലെന്നും രാജ്യങ്ങൾ പ്രതികരിച്ചു.
ഗസ്സയിൽ സഹായം എത്തിക്കുന്നതിനുള്ള യുഎസ് പിന്തുണയുള്ള പുതിയ നിർദ്ദേശത്തെ ഈ രാജ്യങ്ങൾ നേരത്തെ വിമർശിച്ചിരുന്നു, അത് മാനുഷിക നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അവർ പറഞ്ഞു. ഐക്യരാഷ്ട്രസഭയെയും മറ്റ് എൻജിഒകളെയും വീണ്ടും ഗസ്സ സ്ട്രിപ്പിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഈ രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി കാനഡ ഇസ്രായേലിനെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗസ്സയെ പൂർണമായും പിടിച്ചെടുക്കാനുള്ള സൈനിക ഓപ്പറേഷനാണ് ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യാപക വ്യോമാക്രമണങ്ങളിലായി നിരവധിപേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും ഇസ്രായേൽ കടത്തിവിടുന്നില്ല. ഗസ്സയിൽ പട്ടിണിയും രൂക്ഷമാകുകയാണ്. ഫലസ്തീനികളുടെ ശരീരത്തിൽ പട്ടിണിയുടെ ഫലങ്ങൾ പ്രകടമായിത്തുടങ്ങിയെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് ഖലീൽ അൽ-ഡെഗ്രാൻ പറയുന്നത്.പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന വ്യാപകമായ വിളർച്ചയും ഇതിൽ ഉൾപ്പെടുന്നു. അതായത് ആളുകൾക്ക് ഇനി രക്തം ദാനം ചെയ്യാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇതോടെ ആശുപത്രികളിപ്പോൾ രൂക്ഷമായ രക്ത ക്ഷാമം അനുഭവപ്പെടുന്നു. മരണസംഖ്യ ഉയരാനും രക്തക്ഷാമം വഴിവെക്കും.





