കാനഡയിലെ സായുധ സേനകൾ ഗുരുതരമായ റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ പുതിയ റിക്രൂട്ടുകളിൽ 9.4 ശതമാനം പേർ രാജി വച്ചത് സൈന്യത്തിന്റെ മൊത്തം ശരാശരി രാജി നിരക്കായ 4.3 ശതമാനത്തിന്റെ ഇരട്ടിയിലധികമാണ്. സാങ്കേതിക പരിശീലനത്തിനായി 206 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് നവാഗതരുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നു.
പരിശീലകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മ, അതികജോലി, സൈനിക ഉപകരണങ്ങളുടെ പരിമിതി, നേതൃത്വത്തിന്റെ അഭാവം എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നത്. ദീർഘകാലം സേവനമനുഷ്ഠിക്കുന്ന സൈനികരെ നിലനിർത്തുന്നതിനുള്ള നടപടികളും അപര്യാപ്തമാണ്. സൈനികരെ നിലനിർത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ഓഫീസിന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതും സ്ഥിതി വഷളാക്കിയിട്ടുണ്ട്.
ഈ പ്രതിസന്ധിക്കിടയിലും നാവൽ എക്‌സ്പീരിയൻസ് പ്രോഗ്രാം (NEP) എന്ന പദ്ധതി ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ പദ്ധതിയിൽ റിക്രൂട്ടുകൾക്ക് ഒരു വർഷത്തെ പരീക്ഷണകാലയളവിൽ സേനയുടെ അനുഭവം നേടാനും, തങ്ങൾക്ക് ഇഷ്ടമുള്ള വിഭാഗത്തിലേക്ക് മാറാനുമുള്ള അവസരം ലഭിക്കുന്നു. എന്നിരുന്നാലും, കാനഡ സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



