ഒട്ടാവ: മുൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായിരുന്ന 24 സസെക്സ് ഡ്രൈവ് നവീകരിക്കുന്നതിനായുള്ള ക്രൗഡ്‌ഫണ്ടിംഗ് ക്യാംപെയ്‌നിന് ഒരു മാസത്തിനിടെ 7,35,000 ഡോളറിലധികം (735,000) സംഭാവന ലഭിച്ചതായി റിഡോ ഹാൾ ഫൗണ്ടേഷൻ അറിയിച്ചു. കഴിഞ്ഞ ജൂൺ 26-നാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ ചരിത്രപ്രസിദ്ധമായ വസതി ജനങ്ങളുടെ സംഭാവനയിലൂടെ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. 1951 മുതൽ 2015 വരെ കാനഡയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും ഔദ്യോഗിക വസതിയായിരുന്ന ഗോത്തിക് റിവൈവൽ ശൈലിയിലുള്ള ഈ മന്ദിരം ഗുരുതരമായ ശോചനീയാവസ്ഥയിലായതിനെ തുടർന്ന് ഒരു പതിറ്റാണ്ടിലേറെയായി ഉപയോഗിക്കാതെ കിടക്കുകയാണ്.

റിഡോ ഹാൾ ഫൗണ്ടേഷൻ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് ഫെഡറൽ സർക്കാർ നവീകരണം നടത്താൻ ഉദ്ദേശിക്കുന്നത്.കാനേഡയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും മാത്രമാണ് സംഭാവന നൽകാൻ അനുമതിയുള്ളത്. കോർപ്പറേറ്റ് സംഭാവനകളും പേരറിയാത്ത സംഭാവനകളും സ്വീകരിക്കില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 3,000-ത്തിലധികം ആളുകൾ ചേർന്ന് ആകെ 735,000 ഡോളർ സംഭാവനയായി നൽകിയിട്ടുണ്ട്. എന്നാൽ പദ്ധതിക്കായി ലക്ഷ്യമിടുന്ന 50 മില്യൺ ഡോളറിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇതുവരെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
ഈ തുടക്കം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണെങ്കിലും അതിൽ അത്ഭുതപ്പെടാനില്ലെന്ന് ഹെറിറ്റേജ് ഒട്ടാവ പ്രസിഡന്റ് കാതറിൻ സ്പെൻസർ-റോസ് പറഞ്ഞു. ഇത് കാനഡയിൽ ആദ്യമായുള്ള ഇത്തരമൊരു ക്രൗഡ്‌ഫണ്ടിംഗ് സംരംഭമാണെന്നും വേനൽക്കാലമായതിനാൽ പലരും മറ്റ് കാര്യങ്ങളിൽ തിരക്കിലായതിനാൽ സംഭാവനകൾ പിന്നീട് വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. അതേസമയം, 50 മില്യൺ ഡോളർ ലക്ഷ്യം കൈവരിക്കാനായില്ലെങ്കിൽ ബാക്കി തുക ഫെഡറൽ സർക്കാർ ഉറപ്പാക്കുന്ന ഒരു ബദൽ ധനസമാഹരണ പദ്ധതി പ്രഖ്യാപിക്കണമെന്ന് ഹെറിറ്റേജ് ഒട്ടാവ ആവശ്യപ്പെട്ടു.
അത്തരമൊരു ഉറപ്പ് ലഭിച്ചാൽ കൂടുതൽ കാനഡക്കാർ ആത്മവിശ്വാസത്തോടെ സംഭാവന നൽകാൻ തയ്യാറാകുമെന്നും സംഘടന അഭിപ്രായപ്പെട്ടു. റിഡോ ഹാൾ ഫൗണ്ടേഷന്റെ വിവരമനുസരിച്ച് ശരാശരി സംഭാവന 220 ഡോളറാണ്. ഏറ്റവും കുറഞ്ഞ സംഭാവന 10 ഡോളറും, ഒരാൾക്ക് പരമാവധി 5 മില്യൺ ഡോളർ വരെ സംഭാവന നൽകാനുമാകും. ഈ വർഷം ശരത്കാലത്തിൽ പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള വിപുലമായ ഫണ്ട് ശേഖരണ ക്യാംപെയ്ൻ ആരംഭിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.
അതേസമയം, ജീവിതച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ക്രൗഡ്‌ഫണ്ടിംഗിനെ ആശ്രയിക്കുന്നത് യാഥാർഥ്യബോധമുള്ള തീരുമാനമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ക്യാംപെയ്ൻ പ്രഖ്യാപിച്ച സമയത്ത് തന്നെ റിഡോ-റോക്‌ക്ലിഫ് കൗൺസിലർ റൗൾസൺ കിംഗ്, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഫണ്ട് സമാഹരണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ യാഥാർഥ്യബോധത്തോടെയാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
Public support for 24 Sussex Drive; Canadians pour in funds.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




