യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി റഷ്യയുമായി സംസാരിക്കാൻ തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മെയ് 12 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് സമ്മതിക്കണമെന്ന വ്യവസ്ഥയോടെയാണ്. ഫ്രാൻസ്, യുകെ, ജർമ്മനി, പോളണ്ട് എന്നിവ ഉൾപ്പെടെയുള്ള യുക്രെയ്ന്റെ സഖ്യകക്ഷികൾ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. സമാധാന ചർച്ചകൾക്ക് മുന്നോടിയായി വെടിനിർത്തലിന്റെ ആവശ്യകത പലതവണ പറഞ്ഞിട്ടുള്ള സെലൻസ്കി യുദ്ധം കൂടുതൽ വഷളാകുന്നതിനു മുമ്പ് ചർച്ചകൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
എന്നാൽ, പുടിൻ മെയ് 15-ന് ടർക്കിയിൽ നേരിട്ടുള്ള ചർച്ചകൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വെടിനിർത്തലിന് കൃത്യത വരുത്തിയിട്ടില്ല. മറിച്ച് ചർച്ചകൾക്കിടെ പുതിയ വെടിനിർത്തലുകൾ ചർച്ച ചെയ്യാമെന്ന് പുടിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമയത്തും റഷ്യൻ സൈന്യം യുക്രെയ്ൻ മുഴുവൻ വ്യോമാ ക്രമണങ്ങൾ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ തീവ്രമായ ബോംബാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഘർഷം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തിട്ടുണ്ട്.
പുടിൻ വെടിനിർത്തൽ ആവശ്യം നിരസിക്കുകയാണെങ്കിൽ റഷ്യയുടെ ഊർജ്ജ, സാമ്പത്തിക മേഖലകളിൽ പുതിയ ഉപരോധങ്ങൾ പ്രതീക്ഷിക്കാം. പാശ്ചാത്യ രാജ്യങ്ങൾ ഇതിനകം തന്നെ റഷ്യക്കെതിരെ നിരവധി സാമ്പത്തിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ കടുത്ത നടപടികൾ പരിഗണിക്കുന്നുണ്ട്. ഈ സംഘർഷം ആഗോള ഊർജ്ജ വിലകളെയും ഭക്ഷ്യ സുരക്ഷയെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ധാന്യ കയറ്റുമതിയെ ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങളെ. അന്താരാഷ്ട്ര സമൂഹം യുദ്ധത്തിന്റെ അവസാനത്തിനായി പ്രാർത്ഥിക്കുമ്പോൾ, സമാധാനത്തിലേക്കുള്ള വഴി ഇപ്പോഴും വ്യക്തമല്ല.



