2025-ലേക്കുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ നോമിനേഷൻ പ്രോഗ്രാമിന്റെ (ബി.സി. PNP) അപേക്ഷാ പരിധി 1,100 ആയി കുറച്ചതായി അധികാര കേന്ദ്രങ്ങൾ അറിയിച്ചു. ഏപ്രിൽ 14-ന് പ്രഖ്യാപിച്ച ഈ പുതിയ നയത്തിൽ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
നഴ്സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യന്മാർ, കൗൺസിലർമാർ എന്നിങ്ങനെ ഏകദേശം 50 വിഭാഗങ്ങളിലുള്ള ആരോഗ്യപ്രവർത്തകർക്ക് ‘ആരോഗ്യ അതോറിറ്റി സ്ട്രീം’ വഴി സ്ഥിരതാമസാനുമതി (PR) ലഭിക്കുന്നതിന് അപേക്ഷിക്കാം. എന്നാൽ, അപേക്ഷകർക്ക് ബ്രിട്ടീഷ് കൊളംബിയയിലെ ഔദ്യോഗിക ആരോഗ്യ അതോറിറ്റികളിൽ നിന്നുള്ള സ്ഥിരം ജോലി ഓഫർ നിർബന്ധമാണ്.
2025-ൽ ബ്രിട്ടീഷ് കൊളംബിയയ്ക്ക് ആകെ 4,000 നോമിനേഷനുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷകളുടെ വലിയ ബാക്ക്‌ലോഗ് കണക്കിലെടുത്ത്, പുതിയ അപേക്ഷകളുടെ എണ്ണം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.



