ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ‘Prop money’ എന്ന പേരിൽ വിൽക്കുന്ന ഉയർന്ന നിലവാരമുള്ള വ്യാജ കനേഡിയൻ നോട്ടുകളുടെ പ്രചാരണം കൂടിക്കൊണ്ടിരിക്കുകയാണ്. ഗുണനിലവാരമേറിയ ഈ വ്യാജ നോട്ടുകൾ യഥാർത്ഥ നോട്ടുകളുമായി സാമ്യമുള്ളവയും, റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, കാസിനോ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉപയോഗിക്കപ്പെടുന്നവയുമാണ്.
2025-ൽ ഇതുവരെ വിനിപെഗിൽ 67 വ്യാജനോട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024-ൽ ഇതേ കാലയളവിലെ കേസുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്. 20, 50, 100 ഡോളർ വിഭാഗത്തിലുള്ള വ്യാജ നോട്ടുകളിൽ GJR6710018 മുതൽ GJR6710022 വരെയുള്ള സീരിയൽ നമ്പറുകൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനയിൽനിന്നുള്ള കയറ്റുമതിയാണെന്ന് കരുതപ്പെടുന്ന ഈ വ്യാജ നോട്ടുകൾ കനേഡയ്ക്ക് പുറത്തുനിന്ന് വരുന്നതായി അധികൃതർ വിശ്വസിക്കുന്നു.
“ഈ നോട്ടുകൾ സിനിമാ ചിത്രീകരണത്തിനായുള്ളതാണെന്നാണ് അവകാശവാദമെങ്കിലും, കാനഡയിൽ നിയമപരമായ നിലവാരമുള്ള കറൻസിയുടെ പ്രതിരൂപം സൃഷ്ടിക്കുന്നത് നിയമവിരുദ്ധമാണ്,”എന്ന് പോലീസ് വിശദീകരിക്കുന്നു. ഉയർന്ന നിലവാരം കാരണം പലരും അറിയാതെ തന്നെ ഈ വ്യാജ നോട്ടുകൾ ഉപയോഗിക്കപ്പെടാൻ ഇടയുണ്ടെന്ന് അധികൃതർ പറയുന്നു. പണം നൽകുമ്പോഴും സ്വീകരിക്കുമ്പോഴും അത് ശ്രദ്ധയോടെ പരിശോധിക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.



