കാനഡയിൽ എത്രയും വേഗം ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞ പശ്ചാത്തലത്തിൽ
കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി കൺസർവേറ്റീവ് എംപി ഡാമിയൻ കുറെക് രാജിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചു. ആൽബർട്ടയിലെ ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഡാമിയൻ കുറെക് .ഏകദേശം 82 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം ജയിച്ചത്.
20 വർഷമായി തുടർച്ചയായി വിജയിച്ചിരുന്ന സീറ്റാണ് ഇത്തവണ പൊയിലീവ്രെയെ കൈവിട്ടത്. ഒട്ടാവ ഏരിയയിലെ കാർലെട്ടണിൽ 4,300-ലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.പൊയ്‌ലിവ്രെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തുടരുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇനി ഔദ്യോഗിക പ്രതിപക്ഷ നേതാവായി തുടരാൻ സാധിക്കില്ല. പൊയ്‌ലിവ്രെ ഒരു പുതിയ സീറ്റ് കണ്ടെത്തുന്നതുവരെ ഹൗസ് ഓഫ് കോമൺസിൽ പാർട്ടിയെ നയിക്കാൻ ഒരു ഇടക്കാല നേതാവിനെ കണ്ടെത്താനാണ് പാർട്ടി ശ്രമിക്കുക.
പൊയിലീവ്രെയ്ക്ക് പുതിയ സീറ്റ് കണ്ടെത്താൻ അനുവദിക്കുന്നതിനായി എത്രയും വേഗം ഒരു ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, ഭൂരിപക്ഷ സർക്കാരിന് നാല് സീറ്റുകൾ കുറവാണെങ്കിലും എൻഡിപിയുമായി ഔപചാരിക കരാറിന് ശ്രമിക്കില്ലെന്നും കാർണി പറഞ്ഞു.
മെയ് 12-ന് കാർണിയുടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും മെയ് 26-ന് പാർലമെന്റ് തിരിച്ചുവിളിക്കുമെന്നും പ്രതീക്ഷിക്കുന്നു. മെയ് 27-ന് ചാൾസ് മൂന്നാമൻ രാജാവ് പാർലമെന്റിൽ പ്രസംഗിക്കും.



