അമേരിക്കയുമായുള്ള ദീർഘനാളത്തെ ബന്ധം അവസാനിപ്പിച്ച് പുതിയൊരു പാത കണ്ടെത്താൻ കാനഡ ഒരുങ്ങുന്നതായി സൂചനകൾ. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രി മാർക്ക് കാർണി നൽകുന്ന സൂചനകളെല്ലാം അത്തരത്തിലുള്ളതാണ്. എന്നാൽ ഈ രാജ്യങ്ങൾ തമ്മിൽ അകലുകയാണെങ്കിൽ അത് ലോക രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ അലയൊലികൾക്കാണ് കാരണമാകുക.
അമേരിക്കയുമായുള്ള ദീർഘകാല ബന്ധം അവസാനിക്കുന്നതിൽ തനിക്ക് നിരാശയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു. എന്നാൽ യാഥാർഥ്യം അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
ലിബറൽ പാർട്ടി ജയം നേടിയ ശേഷം നടന്ന പ്രസംഗത്തിലും കാർണി ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. കാനഡയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ പഴയ യുഗം അവസാനിച്ചെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും. കാനഡയെ തന്റെ രാജ്യത്തിന്റെ 51-ാമത്തെ സംസ്ഥാനമാക്കാൻ ട്രംപ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, കാനഡയുടെ പരമാധികാരത്തെ പലപ്പോഴും അവഗണിക്കുകയും പ്രധാനമന്ത്രിയെ ‘ഗവർണർ’ എന്ന് വിളിക്കുകയും ചെയ്തതായും കാർണി ആരോപിച്ചു.
ഗ്രീൻലാൻഡ് വാങ്ങാൻ ശ്രമിക്കുന്നതുപോലെ കാനഡയെയും വാങ്ങാൻ ട്രംപ് ശ്രമിക്കുകയാണ്. എന്നാൽ അത് നടക്കില്ലെന്ന് ഉറച്ച് പറയുകയാണ് പ്രധാനമന്ത്രി കാർണി. കലിഫോർണിയ, ഓറിഗൻ, വാഷിങ്‌ടൻ, മിനസോഡ എന്നീ സംസ്ഥാനങ്ങളെ വാങ്ങാൻ ഒരു വിപരീത നിർദ്ദേശം മുന്നോട്ടുവെച്ചാണ് കാനഡ ട്രംപിന് മറുപടി പറഞ്ഞത്. ട്രംപ് കാനഡയ്ക്കെതിരെ കടുത്ത വ്യാപാര നികുതികൾ ഏർപ്പെടുത്തിയെങ്കിലും എല്ലാത്തിൽ നിന്നും തിരിച്ചുകയറാൻ രാജ്യത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് കാർണി മുന്നോട്ടുവെക്കുന്നത്.



