ന്യൂ ബ്രൺസ്‌വിക്ക് : ന്യൂ ബ്രൺസ്‌വിക്ക് സർക്കാർ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക് ഒരു തവണത്തെ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) അല്ലെങ്കിൽ ഇൻസെമിനേഷൻ ചികിത്സയ്ക്കായി 1.9 മില്യൺ ഡോളർ അധികമായി നീക്കിവെച്ചു. പ്രൊവിൻസിൽ ഒരു IVF ചികിത്സയുടെ ശരാശരി ചെലവ് ഏകദേശം 20,000 ഡോളറാണ്. ഈ പുതിയ ഫണ്ടിംഗ് നിലവിലുള്ള 5,000 ഡോളർ ഗ്രാന്റ് പ്രോഗ്രാമിന് പുറമേയുള്ളതാണ്.
സാമ്പത്തിക നില ഒരു കുടുംബത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. സ്വന്തം വന്ധ്യതാ അനുഭവങ്ങൾ പങ്കുവെച്ച പ്രീമിയർ സൂസൻ ഹോൾട്ട് നിലവിലെ ഗ്രാന്റ് മതിയാകുന്നില്ലെന്ന് വ്യക്തമാക്കി. ഈ പദ്ധതി നിലവിലുള്ള എല്ലാ രോഗികൾക്കും ആവശ്യമെങ്കിൽ കൂടുതൽ പേർക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“കുട്ടികളുണ്ടാകാനുള്ള അവസരം എല്ലാവർക്കും തുല്യമായി ലഭ്യമാകണം, അത് ഒരാളുടെ സാമ്പത്തിക നിലയെ ആശ്രയിച്ചിരിക്കരുത്, ഈ പുതിയ ഫണ്ടിംഗിലൂടെ ന്യൂ ബ്രൺസ്‌വിക്കിലെ കൂടുതൽ കുടുംബങ്ങൾക്ക് അവരുടെ കുടുംബ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കും.”എന്ന് പ്രീമിയർ സൂസൻ ഹോൾട്ട് പറഞ്ഞു.
ദേശീയ തലത്തിൽ, പ്രധാനമന്ത്രി മാർക്ക് കാർണി ഒരു തവണത്തെ IVF ചികിത്സയ്ക്ക് 20,000 ഡോളർ വരെ വിഹിതം നൽകുന്ന ദേശീയ IVF പരിപാടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാനഡയിലെ ആറിൽ ഒരാൾ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പലരും ചികിത്സയ്ക്കായി വായ്പകൾ എടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊതു IVF ഫണ്ടിംഗ് ലഭ്യമാകുന്ന പ്രൊവിൻസുകളിൽ 5-10% കുട്ടികൾ IVF വഴി ജനിക്കുന്നുണ്ട്, എന്നാൽ ഫണ്ടിംഗ് ഇല്ലാത്തിടത്ത് ഇത് 2-3% മാത്രമാണ്.






