വാൻകൂവറിലെ ലാപു ലാപു ഫെസ്റ്റിവലിനിടെ നടന്ന ആക്രമണക്കേസിലെ പ്രതി കൈ-ജി ആദം ലോ ഏറെനാളായി മാനസികാരോഗ്യ സംഘത്തിന്റെ പരിചരണത്തിലായിരുന്നെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ആക്രമണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഒരു പ്രസ്താവനയിൽ വാൻകൂവർ കോസ്റ്റൽ ഹെൽത്ത് ആണ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. “വാഹനത്തിന്റെ ഡ്രൈവർ എന്ന് ആരോപിക്കപ്പെടുന്നയാൾ ഒരു മാനസികാരോഗ്യ സംഘത്തിന്റെ സംരക്ഷണയിലായിരുന്നു, മാനസികാരോഗ്യ നിയമപ്രകാരം അയാൾ നീണ്ട അവധിക്കായി കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു,” ആശുപത്രി വക്താവ് വ്യക്തമാക്കി. ലോയ്ക്ക് ഒരു ക്രിമിനൽ റെക്കോർഡും ഇല്ല, പക്ഷേ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇനിയും ഇത്തരത്തിൽ അതിക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട് പൊലീസ് വ്യക്തമാക്കി.
വാൻകൂവറിൽ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം. പ്രതി ഓടിച്ച കറുത്ത എസ്‌യുവി അതിവേഗത്തിൽ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയുമായിരുന്നു.



