ക്യുബെക്ക് രാഷ്ട്രീയ പാർട്ടി നേതാവ് ഇവ്-ഫ്രാൻസ്വാ ബ്ലാൻഷെറ്റ് പുതുതായി അധികാരത്തിലെത്തിയ ലിബറൽ ന്യൂനപക്ഷ സർക്കാരിന് താത്കാലിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ട്രംപിൻറെ ഭരണത്തിന്റെ കീഴിൽ യുഎസുമായുള്ള ബന്ധം സങ്കീർണമാകുന്ന സാഹചര്യത്തിൽ കാനഡയുടെ രാഷ്ട്രീയ സ്ഥിരത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയാണിത്. എന്നാലും, ഫ്രഞ്ച് ഭാഷയ്ക്ക് ശക്തമായ സംരക്ഷണം, നിയന്ത്രിത കുടിയേറ്റം, ക്യുബെക്കിന്റെ മതനിരപേക്ഷതാ നിയമം അംഗീകരിക്കൽ തുടങ്ങിയ വ്യവസ്ഥകൾ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുവകൾ, വ്യാപാര തർക്കങ്ങൾ തുടങ്ങിയ ബാഹ്യ വെല്ലുവിളികൾ നേരിടുന്നതിന് സഹകരിക്കാൻ തയ്യാറാണെങ്കിലും, ക്യുബെക്കിന്റെ സാംസ്കാരിക-രാഷ്ട്രീയ താൽപ്പര്യങ്ങൾ അവഗണിക്കപ്പെടരുതെന്ന് ബ്ലാൻഷെറ്റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, പുതിയ പാർലമെന്റിൽ “വ്യത്യസ്തമായി പ്രവർത്തിക്കാൻ” ബ്ലോക് ലക്ഷ്യമിടുന്നു. ക്യുബെക്കിന്റെ സ്വാതന്ത്ര്യത്തിനുള്ള ദീർഘകാല ആഗ്രഹം കൈവിടാതെ തന്നെ ദേശീയ ഐക്യത്തിന് സംഭാവന നൽകാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലിബറൽ നേതാവ് മാർക്ക് കാർണിയുടേത് ഫെഡറലിസ്റ്റും ആഗോള സാമ്പത്തിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സമീപനമാണെന്നും, ഇത് ഹരിത-പ്രാദേശിക വികസനത്തെക്കുറിച്ചുള്ള ബ്ലോക്കിന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമാണെന്നും ബ്ലാൻഷെറ്റ് പറഞ്ഞു. ദേശീയ താൽപ്പര്യം മുൻനിർത്തി പാർട്ടി പോരാട്ടങ്ങൾ മാറ്റിവയ്ക്കുമ്പോഴും, ക്യുബെക്കിന്റെ സാമ്പത്തിക മേഖലകൾക്കും വ്യക്തിത്വത്തിനും വേണ്ടി നിലകൊള്ളുന്നതിലും ക്യുബെക് സ്വാതന്ത്ര്യം എന്ന പ്രധാന ലക്ഷ്യത്തിലും ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.



