കോടതി നടപടികൾക്കിടയിൽ ഒരു രേഖകളും കയ്യിൽ ഇല്ലാത്ത കുടിയേറ്റക്കാരനെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണത്തിൽ മിൽവാക്കി കൗണ്ടി സർക്യൂട്ട് ജഡ്ജി ഹന്ന ഡൂഗൻ, വെള്ളിയാഴ്ച FBI അറസ്റ്റിൽ. കോടതിയിൽ വിചാരണയ്ക്കിടെ ജഡ്ജി ഹന്ന ഡൂഗൻ മെക്സിക്കൻ പൗരൻ ഫ്ലോറസ്-റൂയിസിന് രഹസ്യ വാതിലിലൂടെ രക്ഷപ്പെടാൻ സഹായം നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കുടിയേറ്റ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. 2013-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഫ്ലോറസ്-റൂയിസ് കോടതി സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കോടതി രേഖകൾ പ്രകാരം, ഫ്ലോറസ്-റൂയിസിന്റെ കോടതി ഹാജരാകലിന് തൊട്ടുമുമ്പ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു, അതുകൊണ്ടാണ് ICE-ലെയും FBI-യിലെയും ഏജന്റുമാർ ഹിയറിംഗിൽ പങ്കെടുത്തത്. കുടിയേറ്റ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ജഡ്ജി ഡൂഗൻ അസ്വസ്ഥയായി. അവരെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ അവർക്കെതിരെ തടസ്സപ്പെടുത്തൽ, അറസ്റ്റ് ഒഴിവാക്കാൻ ഒരു വ്യക്തിയെ മറച്ചുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കുറ്റം തെളിഞ്ഞാൽ ആറ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഡൂഗന്റെ അഭിഭാഷകൻ ഈ അറസ്റ്റ് അനാവശ്യമാണെന്നും, ഇത് പൊതുജന സുരക്ഷയുടെ താൽപര്യത്തിൽ ചെയ്തതല്ലെന്നും അവകാശപ്പെട്ടു. ജഡ്ജിയെ സ്വന്തം ഉത്തരവാദിത്തത്തിൽ വിട്ടയച്ചു, മെയ് 15-ന് അവർ വീണ്ടും കോടതിയിൽ ഹാജരാകേണ്ടതാണ്. വിസ്‌കോൻസിൻ അറ്റോർണി ജനറൽ പാം ബോണ്ടി “ആരും നിയമത്തിന് അതീതരല്ല” എന്ന് പരസ്യമായി പ്രസ്താവിച്ചു. മിൽവാക്കിയുടെ ഡെമോക്രാറ്റിക് മേയർ ഡൂഗനെ മുമ്പ് പിന്തുണച്ചിരുന്നതിനാൽ, ഈ കേസിന് രാഷ്ട്രീയ ശ്രദ്ധയും ലഭിച്ചിട്ടുണ്ട്.



