ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ: പ്രവിശ്യയിലെ റോഡ്, വ്യോമ ആംബുലൻസ് സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 500 മില്യൺ ഡോളറിലധികം മൂല്യമുള്ള കരാറിന് മേൽനോട്ടം വഹിക്കുന്ന പ്രത്യേക ഓഫീസ് ഇതുവരെ പൂർണമായി സ്ഥാപിക്കാത്തത് ശ്രദ്ധേയമായി. ഇതിനായി 2024-ലെയും 2025-ലെയും പ്രവിശ്യാ ബജറ്റുകളിൽ പ്രത്യേക തുക അനുവദിച്ചിരുന്നുവെങ്കിലും ഓഫീസ് പ്രവർത്തനം പൂർണതയിലെത്തിയിട്ടില്ലെന്ന് ബജറ്റ് എസ്റ്റിമേറ്റ്സ് യോഗത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രി ലേല ഇവൻസ് മേയ് മാസത്തിൽ നടന്ന ബജറ്റ് എസ്റ്റിമേറ്റ്സ് യോഗത്തിൽ ഈ വിഷയത്തിൽ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിനോട് (NLHS) വിശദീകരണം തേടിയിരുന്നു. മേൽനോട്ട സംവിധാനം സ്ഥാപിക്കാനായി വർഷംതോറും ഫണ്ട് അനുവദിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.
തുടർന്ന് അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രി കാറ്റി നോർമൻ വിശദീകരിച്ചത്, 2024 മുതൽ വർഷംതോറും ഒരു മില്യൺ ഡോളറിന് തൊട്ടുതാഴെ തുക ഇതിനായി അനുവദിച്ചെങ്കിലും ഓഫീസ് ഇതുവരെ പൂർണമായി പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നാണ്. ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും മേൽനോട്ട ചുമതല നിലവിൽ വൈസ് പ്രസിഡന്റിന്റെ തലത്തിലാണ് നിർവഹിക്കുന്നതെന്നും അവർ അറിയിച്ചു.
മുൻ ലിബറൽ സർക്കാർ ഒപ്പുവെച്ച പത്ത് വർഷത്തെ കരാർ പ്രകാരം, സ്വകാര്യ ലാഭേച്ഛയില്ലാത്ത സ്ഥാപനമായ മെഡാവി ഹെൽത്ത് എൻ.എൽ. പ്രവിശ്യയിലെ റോഡ് ആംബുലൻസും വ്യോമ ആംബുലൻസും ആദ്യമായി ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്.പ്രതികരണ സമയം, ജീവനക്കാരുടെ ലഭ്യത, വ്യോമ ആംബുലൻസ് സർവീസ് ആരംഭിക്കുന്ന സമയം, അംഗീകാര മാനദണ്ഡങ്ങൾ, ചികിത്സാ നിലവാരം എന്നിവ ഉൾപ്പെടെയുള്ള പ്രകടന സൂചികകൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കരാറിന്റെ മുഴുവൻ മൂല്യവും ലഭിക്കുക.
എന്നാൽ കരാർ നടപ്പാക്കൽ ആരംഭിച്ചിട്ട് 17 മാസം പിന്നിട്ടിട്ടും പ്രകടന സൂചികകൾ (കെ.പി.ഐ) ഇതുവരെ ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അതിനാൽ ഈ കാലയളവിൽ ലക്ഷ്യങ്ങൾ പാലിച്ചില്ലെന്ന പേരിൽ ലംഘനങ്ങളോ പിഴനടപടികളോ തിരുത്തൽ നടപടികളോ ഉണ്ടായിട്ടില്ലെന്നും കാറ്റി നോർമൻ അറിയിച്ചു. കരാറിന്റെ പ്രകടന മാനദണ്ഡങ്ങൾ ഇപ്പോൾ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും അവർ പറഞ്ഞു.
മെഡാവി കരാറിന് ഫലപ്രദമായ മേൽനോട്ട സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് 2026 മാർച്ച് 10-ന് NLHS-ന് കത്തയച്ചതായും പിന്നീട് സ്ഥിരീകരിച്ചു. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനായി നടത്തിയ ആവർത്തിച്ചുള്ള അഭ്യർഥനകൾക്ക് NLHS വിശദമായ മറുപടി നൽകിയിട്ടില്ല. മേൽനോട്ട ഓഫീസിന്റെ ആദ്യ ഡയറക്ടറെ അടുത്തിടെ നിയമിച്ചതായി മാത്രമാണ് ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ കരാർ അടിസ്ഥാനത്തിലുള്ള അടിയന്തര മെഡിക്കൽ സേവന ദാതാക്കളിലൊന്നായ മെഡാവി ഹെൽത്ത് കാനഡയുടെ ഭാഗമാണ് മെഡാവി ഹെൽത്ത് എൻ.എൽ.
$500 million ambulance contract; Newfoundland health service leaves funds unused.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






